ADVERTISEMENT

പാലക്കാട് ∙ രണ്ടു രൂപയ്ക്കു സാമ്പാറും രണ്ടു കൂട്ടം കറിയും ഉണ്ടാക്കി വിദ്യാർഥികൾക്ക് ഉച്ചയൂണ് ഒരുക്കുന്ന മാന്ത്രികവിദ്യ പഠിക്കേണ്ട അവസ്ഥയിലാണു  സംസ്ഥാനത്തെ പ്രധാനാധ്യാപകർ. പച്ചക്കറിക്കും പാലിനും പലവ്യഞ്ജനങ്ങൾക്കും വില കൂടിയതാണു സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലാക്കിയത്.

പാലിനു വില കൂടിയതിലൂടെ മാത്രം ഓരോ കുട്ടിക്കും ഒരാഴ്ച ഒരു രൂപ അധികം വേണം. സൗജന്യ ഉച്ചഭക്ഷണ പദ്ധതിക്കു സർക്കാർ അനുവദിക്കുന്ന തുകയും സാധനങ്ങളുടെ വിലയും തമ്മിലുള്ള അന്തരം കൂടിയതോടെ പദ്ധതി നടപ്പാക്കാൻ അധ്യാപകർ പ്രയാസപ്പെടുകയാണ്.

2016ലെ നിരക്കു പ്രകാരമാണു സർക്കാർ ഫണ്ട് അനുവദിക്കുന്നത്. അധ്യാപക സംഘടനകളുടെ സമരത്തെത്തുടർന്ന്, ഓണത്തിനു ശേഷം തുക വർധിപ്പിക്കാമെന്നു വിദ്യാഭ്യാസ വകുപ്പ് ഉറപ്പുനൽകിയെങ്കിലും പാലിച്ചിട്ടില്ല. ഉച്ചഭക്ഷണത്തിനു ഫണ്ടില്ലെന്ന് അറിയിച്ചാൽ സ്കൂളുകളിൽ പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികളാണു സർക്കാർ നടപ്പാക്കുന്നതെന്ന് അധ്യാപകർ പറയുന്നു. 

അരിയും പാചകക്കാരുടെ ശമ്പളവും സർക്കാരാണു നൽകുന്നത്. ആഴ്ചയിൽ 2 ദിവസം ഒരു കുട്ടിക്ക് 150 മില്ലി പാലു വീതവും ഒരു ദിവസം മുട്ടയും നൽകണം. പാലിനും മുട്ടയ്ക്കും മാത്രം ഒരു കുട്ടിക്ക് ഒരാഴ്ച 22.80 രൂപ വേണം. പച്ചക്കറി ഉപയോഗിച്ചു പാകം ചെയ്യുന്ന 2 കൂട്ടം കറികളും ഒഴിച്ചുകറിയും ദിവസവും വേണമെന്നാണു നിർദേശം. ഇവ ഒരുക്കാൻ സർക്കാർ ഫണ്ട് പ്രകാരം ഒരു കുട്ടിക്ക് ദിവസം രണ്ടു രൂപയിൽ താഴെ മാത്രമേ ലഭിക്കുന്നുള്ളൂ.

വിറകടുപ്പ് ഉപയോഗിക്കരുതെന്നു നിബന്ധനയുണ്ട്, പാചകവാതകമാണ് ഉപയോഗിക്കുന്നത്. ഇതിനും വിലക്കയറ്റമുണ്ട്. സാധനങ്ങൾ കൊണ്ടുവരുന്ന കയറ്റിറക്കു കൂലിയും അധ്യാപകർ തന്നെ കണ്ടെത്തണം. ഒന്നു മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണു സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നത്. ഹയർ സെക്കൻഡറി വരെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു ശുപാർശയുണ്ട്. 

ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന് അനുവദിച്ച തുക

  • കുട്ടികളുടെ എണ്ണം 150ൽ കുറവ്: 8 രൂപ
  • 150– 500 വരെ കുട്ടികൾ: അധികം വരുന്ന ഓരോ കുട്ടിക്കും 7 രൂപ
  • 500നു മുകളിൽ: അധികം വരുന്ന ഓരോ കുട്ടിക്കും 6 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com