ADVERTISEMENT

ശ്രീകൃഷ്ണപുരം ∙ ‘ശിവമയം’ എന്ന ഓട്ടോറിക്ഷ ഇന്നലെ രാവിലെയും വീട്ടിൽനിന്നു സ്റ്റാർട്ടാക്കിയതു തള്ളി തന്നെയായിരുന്നു. ദിവസേന ഓടിക്കിട്ടുന്ന വാടകയിനത്തിൽ നിന്നു നിത്യച്ചെലവിനുള്ള പണം എടുത്താൽ ബാറ്ററി വാങ്ങാനുള്ള തുക ബാക്കിയാകാത്തതാണു ബാറ്ററി മാറ്റൽ വൈകാൻ കാരണം. ഈ സാഹചര്യത്തിലും, ഇന്നലെ തള്ളി സ്റ്റാർട്ടാക്കിയ വണ്ടിയുമായി ശ്രീകൃഷ്ണപുരം ആശുപത്രിപ്പടിയിലെ ഓട്ടോ സ്റ്റാൻഡിലെത്തിയ ഉടമ പുതുക്കൊള്ളി വീട്ടിൽ രാമകൃഷ്ണൻ ശിവമയം ഓടിയതു മുഴുവനും ശ്രീകൃഷ്ണപുരം സ്നേഹസ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനത്തിനു സംഭാവന നൽകാനുള്ള പണം സ്വരൂപിക്കാനാണ്.പാലിയേറ്റീവ് ദിനം ജനുവരി 15നായിരുന്നു.

അന്നു ഞായറാഴ്ചയായതിനാൽ ഓട്ടം കുറയും. അതിനാൽ സേവനം തിങ്കളാഴ്ചയിലേക്കു മാറ്റി. ഡീസലിനുള്ള തുക കയ്യിൽ നിന്നെടുത്തു. മുന്നിൽ ബോർഡ് വച്ചു. ഓട്ടോറിക്ഷയിൽ കയറിയവരൊക്കെ നിശ്ചിത വാടകയിൽ കുടുതൽ തുക നൽകി ഉദ്യമത്തിൽ പങ്കാളികളായി.25 വർഷമായി രാമകൃഷ്ണൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. ആധാർ കാർഡ് വിതരണം ആരംഭിച്ച കാലത്ത് ഓട്ടോറിക്ഷ സ്റ്റാൻഡിനു തൊട്ടടുത്ത അക്ഷയ കേന്ദ്രത്തിലേക്ക് ഒട്ടേറെ കിടപ്പുരോഗികളും ഭിന്നശേഷിക്കാരും എത്തുമായിരുന്നു. അവരുമായി പല ഓട്ടങ്ങൾക്കും രാമകൃഷ്ണൻ പോകാറുണ്ട്. ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ട്രിപ്പുകളും രാമകൃഷ്ണനുണ്ടായിരുന്നു.

കിടപ്പുരോഗികളുമായി പല സമയങ്ങളിലും ഇടപെടേണ്ടി വന്നപ്പോഴാണ് അവർക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു തോന്നിയതെന്നു രാമകൃഷ്ണൻ പറഞ്ഞു.ദിവസേന രണ്ടു നേരം സ്കൂൾ ട്രിപ്പുണ്ട്. വിദ്യാർഥികളോട് മുൻപു തന്നെ തിങ്കളാഴ്ചയിലെ ഓട്ടത്തിന്റെ പ്രത്യേകതയെക്കുറിച്ചും പാലിയേറ്റീവ് പ്രവർത്തനത്തിൽ പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞുകൊടുത്തു. അവരാൽ കഴിയുന്ന കുഞ്ഞു സംഭാവനകളുമായാണു കുട്ടികൾ ഇന്നലെ എത്തിയത്. ഭാര്യ സുമയും വിദ്യാർഥികളായ മക്കൾ ശങ്കർ മഹാദേവൻ, ലക്ഷ്മി എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com