പാലക്കാട് ∙ കഴിഞ്ഞ ദിവസം കൂട്ടിലായ ധോണി എന്ന കാട്ടാന കൂടിന്റെ 2 തടിക്കഷണങ്ങൾ ചവിട്ടിപ്പൊട്ടിച്ചു. ഇന്നലെ രാത്രി 7 മണിയോടെയാണു സംഭവം. വൈകുന്നേരം മുതൽ തന്നെ ആന അക്രമാസക്തനായിരുന്നു. തകർന്ന തടിക്കഷണങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്നീട് മാറ്റിസ്ഥാപിച്ചു.
പാപ്പാന്മാരോട് അടുത്തു; വേറെയാരും വേണ്ട

കൂട്ടിലായ കാട്ടാന ‘ധോണി’ പാപ്പാന്മാരോട് അടുത്തു തുടങ്ങി. നിർദേശങ്ങൾ അനുസരിക്കാൻ ഇനിയും കാത്തിരിക്കണം. അതിനുശേഷം കുങ്കി പരിശീലനം തുടങ്ങും. പാപ്പാൻമാർ നൽകുന്ന പുല്ലും വെള്ളവും കഴിക്കുന്നുണ്ട്. അടുത്ത ദിവസം മുതൽ തെങ്ങിൻപട്ട പോലെയുള്ള ഭക്ഷണം കൊടുത്തു തുടങ്ങും. മയക്കുവെടി ഏറ്റതിന്റെ അസ്വസ്ഥത പൂർണമായും മാറി.
പൂർണ ആരോഗ്യവാനുമാണ്. പാപ്പാന്മാർ അല്ലാതെ ആരു കൂടിനടുത്തു വന്നാലും ആന അസ്വസ്ഥനാകുന്നുണ്ട്. ആനയ്ക്കു പാപ്പാന്മാരെ മാത്രം കാണുന്ന വിധം കൂടിന്റെ ചുറ്റുപാടും കെട്ടിയടച്ചു. ഇനി സന്ദർശകർക്കു പ്രവേശനമില്ല. പൊള്ളാച്ചി ആനമല കുടുവ സങ്കേതത്തിലെ ടോപ് സ്ലിപ് കോഴികമിത്തി ആന ക്യാംപിലെ മാധവനും മണികണ്ഠനുമാണു പാപ്പാന്മാർ. തമിഴ്നാട്ടിലെ ആന പാപ്പാൻ പരമ്പര കുടുംബത്തിൽ നിന്നാണ് ഇരുവരുടെയും വരവ്.
മികച്ച പാപ്പാനായി തമിഴ്നാട് സർക്കാർ ആദരിച്ച കോഴികമിത്തി ക്യാംപിലെ ആർ.കാളിയപ്പന്റെ മകനാണു മണികണ്ഠൻ. അതേ ക്യാംപിൽ വർഷങ്ങളായി പാപ്പാനായി തുടരുന്ന പഴനിചാമിയുടെ മകനാണു മാധവൻ. രണ്ടു പേർക്കും 20 വയസ്സ്. ധോണിക്ക് സമപ്രായത്തിലുള്ള പാപ്പാന്മാരെ നിയോഗിക്കുന്നതു നല്ലതാണെന്നു കുങ്കി പരിശീലകർ നിർദേശിച്ചിരുന്നു. പ്രായത്തിൽ ചെറുപ്പമാണെങ്കിലും മികച്ച പരിശീലനം നേടിയവരാണ് ഇരുവരുമെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു. ധോണിയെ കൂട്ടിലാക്കാൻ സഹായിച്ച സുരേന്ദ്രൻ, വിക്രം, ഭരതൻ എന്നീ കുങ്കിയാനകളെ വയനാട്ടിലേക്കു കൊണ്ടുപോയി.
കാട്ടാനയ്ക്കു പുറമേ കുരങ്ങന്മാരും; ധോണിക്കാർക്ക് തീരാ തലവേദന
കാട്ടാനകൾക്കു പുറമേ കുരങ്ങൻമാരുടെ ശല്യവും ധോണി മേഖലയുടെ ഉറക്കം കെടുത്തുന്നു. വീടിന്റെ ജനൽ തുറന്നിട്ടാൽ അതുവഴി വീടിനകത്തു കയറി സാധനങ്ങൾ നശിപ്പിക്കുന്നതു പതിവാണെന്നു നാട്ടുകാർ പറഞ്ഞു. കുരങ്ങൻമാരുടെ ആക്രമണത്തിൽ പലർക്കും പരുക്കേൽക്കുന്നതും പതിവായി.
ആദ്യമായാണു പ്രദേശത്ത് ഇത്രയും കുരങ്ങന്മാർ എത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. വ്യാപകമായി കൃഷിയും നശിപ്പിക്കുന്നുണ്ട്. വീടിനോടു ചേർന്ന് ഉണക്കാനിടുന്ന തേങ്ങ, കപ്പ ഉൾപ്പെടെ കൊണ്ടുപോകും. വളർത്തു നായ്ക്കളെയും ആക്രമിക്കാറുണ്ട്. നടപടി വേണമെന്നാണ് ആവശ്യം.