ഒറ്റപ്പാലം ∙ നഗരത്തിൽ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. തൃത്താല മേഴത്തൂർ പട്ടിക്കരവളപ്പിൽ ഇർഷാദ് (28) ആണു പിടിയിലായത്. കഴിഞ്ഞ 23നാണ് ആലപ്പുഴ സ്വദേശികളായ 2 യുവാക്കളിൽ നിന്നു 490 ഗ്രാം ഹഷീഷ് പിടിച്ചെടുത്തത്. ഇവരിൽ നിന്നു ലഭിച്ച വിവരം അനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇർഷാദ് പിടിയിലായത്. മൂവരും ചേർന്നാണു വിശാഖപട്ടണത്തു നിന്നു ഹഷീഷ് ഓയിൽ എത്തിച്ചതെന്നു പൊലീസ് പറഞ്ഞു.
ആലപ്പുഴ സ്വദേശികൾ ഒറ്റപ്പാലത്തു ട്രെയിൻ ഇറങ്ങിയതിനു പിന്നാലെയാണു പിടിയിലായത്. ഇർഷാദ് യാത്ര തുടരുകയായിരുന്നു. ഹഷീഷിന്റെ ഉറവിടത്തെക്കുറിച്ചു കൂടി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഇതിനായി നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന 2 പേരെ അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐ കെ.ജെ.പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.