ADVERTISEMENT

പാലക്കാട് ∙ മതനിരപേക്ഷതയിൽ നിന്നും ജനാധിപത്യത്തിൽ നിന്നുമുള്ള ഏതു വ്യതിചലനവും രാജ്യത്തെ പിന്നോട്ടടിപ്പിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും മുൻപില്ലാത്ത വിധമാണ് വെല്ലുവിളികൾ ഉയരുന്നത്. കോട്ടമൈതാനത്തു നടന്ന ജില്ലാതല റിപ്പബ്ലിക്ദിന പരേഡിൽ ദേശീയപതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.പൊലീസ് ഇൻസ്‌പെക്ടർ ജെ. മാത്യു പരേഡിന് നേതൃത്വം നൽകി. 

പൊലീസ് സെക്കൻഡ് ബറ്റാലിയൻ, ജില്ലാ ഹെഡ്‌കോർട്ട് ക്യാംപ്, ലോക്കൽ പൊലീസ്, വനിതാ പൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ് പുരുഷ-വനിത വിഭാഗം, ഫയർഫോഴ്‌സ് സെൽഫ് ഡിഫൻസ്, എൻ.സി.സി, എസ്.പി.സി, ജൂനിയർ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്‌സ്, ബാൻഡ് എന്നിങ്ങനെ 30 പ്ലറ്റൂണുകൾ പരേഡിൽ അണിനിരന്നു.  അഞ്ചു ഭാഷകളിൽ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളെഴുതി സ്‌കൂൾ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ച പുതുനഗരം എം.എച്ച്.എസിലെ അധ്യാപിക റംലയെ ആദരിച്ചു. 

മലമ്പുഴ നവോദയ സ്‌കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.പരിപാടിയിൽ ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പാലക്കാട് നഗരസഭ ചെയർപഴ്‌സൻ പ്രിയ അജയൻ, കൗൺസിലർമാർ, ജില്ലാ കലക്ടർ മൃൺമയി ജോഷി, ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, എ.ഡി.എം കെ. മണികണ്ഠൻ, ഡി.എം.ഒ കെ.പി റീത്ത തുടങ്ങിയവർ പങ്കെടുത്തു.

പരേഡ് വിജയികൾ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം– ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ക്യാംപ് ,പാലക്കാട് ലോക്കൽ പൊലീസ്.ഫയർ ആൻഡ് റെസ്‌ക്യു സർവീസ് പാലക്കാട്,എക്‌സൈസ് പാലക്കാട്.എൻ.സി.സി സീനിയർ വിങ് ഗേൾസ്, മേഴ്‌സി കോളജ്,എൻ.സി.സി സീനിയർ ഡിവിഷൻ ബോയ്‌സ്, ഗവ പോളിടെക്‌നിക് പാലക്കാട്.സ്റ്റുഡൻസ് പെ‍ാലീസ് ആൺകുട്ടികൾ– ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട്, ഗവ ടെക്‌നിക്കൽ എച്ച്.എസ് പാലക്കാട്. സ്റ്റുഡന്റ് പൊലീസ് പെൺകുട്ടികൾ– ഗവ വിക്ടോറിയ ജി.എച്ച്.എസ്.എസ് ചിറ്റൂർ,കണ്ണാടി എച്ച്.എസ്.എസ്

പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ  വലിയ വർധനയെന്ന് ഡിആർഎം

ഒലവക്കോട് റയിൽവേ കോളനി മൈതാനത്തു നടന്ന റിപ്പബ്ലിക്‌ ദിനാഘോഷത്തിൽ ഡിവിഷനൽ  റയിൽവേ മാനേജർ ത്രിലോക് കോത്താരി പരേഡ് നിരീക്ഷിക്കുന്നു.
ഒലവക്കോട് റയിൽവേ കോളനി മൈതാനത്തു നടന്ന റിപ്പബ്ലിക്‌ ദിനാഘോഷത്തിൽ ഡിവിഷനൽ റയിൽവേ മാനേജർ ത്രിലോക് കോത്താരി പരേഡ് നിരീക്ഷിക്കുന്നു.

റെയിൽവേ സ്റ്റേഷൻ വികസനത്തിനുളള അമൃത്ഭാരത് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഡിവിഷനിലെ 15  സ്റ്റേഷനുകൾ ഉൾപ്പെടുത്തി. യാത്രക്കാർക്കുളള സൗകര്യങ്ങൾ ആധുനിക സംവിധാനങ്ങളേ‍ാടെ ഉറപ്പുവരുത്തുന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പാലക്കാട് റെയിൽവേ ഡിവിഷന്റെ റിപ്പബ്ലിക് ദിനാഘേ‍ാഷ പരിപാടിയിൽ ഡിആർഎം ത്രിലേ‍ാക് കേ‍ാത്താരി  അറിയിച്ചു. പെ‍ാള്ളാച്ചി, ഒറ്റപ്പാലം, ഷെ‌‍ാർണൂർ ജംക്‌ഷൻ, അങ്ങാടിപ്പുറം, കുറ്റിപ്പുറം, തിരൂർ, ഫറേ‍ാഖ്, പരപ്പനങ്ങാടി, വടകര, തലശേരി, മാഹി, പയ്യന്നൂർ, കാസർകേ‍ാട് ,മംഗളൂരു ജംക്‌ഷൻ സ്റ്റേഷനുകളാണ് അമൃത് ഭാരതിൽ ഉൾപ്പെടുത്തിയത്. 

തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള ഒരു സ്റ്റേഷൻ ഒരു ഉൽപന്നം പദ്ധതി മെ‍ാത്തം 12 ഇടത്ത് നടപ്പാക്കി. പുതിയ നയമനുസരിച്ച് ട്രെയിൻ ടിക്കറ്റ് നൽകാൻ ഒറ്റപ്പാലം, പയ്യന്നൂർ കാഞ്ഞങ്ങാട്,കാസർകേ‍ാട് സ്റ്റേഷനുകളിൽ ടിക്കറ്റ് ബുക്കിങ് ഏജന്റുമാർക്ക് അനുമതി നൽകിയതായും അദ്ദേഹം പറഞ്ഞു. സ്വകാര്യപങ്കാളിത്തത്തേ‍ാടെ ഈ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ ഡിവിഷന്റെ മെ‍ാത്തവരുമാനം 1000 കേ‍ാടി രൂപ കവിഞ്ഞു. കഴിഞ്ഞവർഷം ഇതേ കാലയളവിലേതിനെക്കാൾ 65 % കൂടുതലാണിത്. ഇതിൽ 600 കേ‍ാടി രൂപ യാത്രക്കാരിൽ നിന്നുള്ള വരുമാനമാണ്.. ചരക്കുകടത്തിൽ സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ടതിന്റെ 90 % ലധികം വരുമാനവും ഇതിനകം ലഭിച്ചു. 

ആനകൾ ട്രെയിൻതട്ടി ചെരിയാതിരിക്കാൻ വാളയാർ–മധുക്കര പ്രദേശത്ത് ഇൻഫ്രാറെഡ് ക്യാമറകളും തെർമൽ ക്യാമറകളും സ്ഥാപിച്ചുകഴിഞ്ഞു.1.4 കിലേ‍ാമീറ്റർ നീളത്തിൽ സേ‍ാളാർ വേലിയും 1.5 കിലേ‍ാമീറ്ററിൽ തൂക്ക്സൗരേ‍ാർജവേലിയും നിർമിച്ചതായും എഡിആർഎം വിശദമാക്കി. ദേശീയ പതാക ഉയർത്തിയ അദ്ദേഹം പരേഡ് സല്യൂട്ട് സ്വീകരിച്ചു. എം.കെ.ഉണ്ണിക്ക‍ഷ്ണൻ പരേഡ് നയിച്ചു.എഡിആർഎമ്മുമാരായ എസ്.ജയകൃഷ്ണൻ, ഡേ‍ാ. ടി.സാക്കീർ ഹുസൈൻ, സതേ‍ൺ റെയിൽവേ വുമൺ വെൽഫെയർ ഒ‍ാർഗനൈസേഷൻ പ്രസിഡന്റ്  ദിയാദേവ കേ‍ാത്താരി, ഡിവിഷനൽ സെക്യൂരിറ്റി കമ്മിഷണർ അനിൽകുമാർ എസ്. നായർ  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com