മംഗലംഡാം∙ കിഴക്കഞ്ചേരി പഞ്ചായത്തിലെ എട്ടാം വാർഡിൽപെട്ട വിആർടിയിലെ 35 കുടുംബങ്ങൾക്ക് ഇനി 4 മാസം വാഹനത്തിൽ എത്തിക്കുന്ന വെള്ളമാണ് ആശ്രയം. പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി 2 വർഷം മുൻപു പഞ്ചായത്ത് ഒരു കുഴൽ കിണർകുത്തിയെങ്കിലും ഇതുവരെ മോട്ടർ വച്ചിട്ടില്ല.
കുഴൽക്കിണറിൽ ആവശ്യത്തിനു വെള്ളമുണ്ടായിട്ടും തുടർ പ്രവർത്തനങ്ങൾ ചെയ്തില്ലെന്നാണു നാട്ടുകാരുടെ പരാതി. പഞ്ചായത്ത് അധികൃതരെ പല തവണ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണു ലഭിച്ചത്.ഈ പ്രദേശത്തു കിണറുകളില്ല. വെള്ളമൊഴുകി വരുന്ന തോട്ടിലെ കുഴികളിൽ നിന്നാണു പ്രദേശവാസികൾ വെള്ളമെടുക്കുന്നത്.
തോട്ടിലെ വെള്ളം വറ്റുന്നതോടെ ഒരു കിലോമീറ്റർ ദൂരെയുള്ള ഒരു എസ്റ്റേറ്റിലെ കിണറ്റിൽ നിന്നു വെള്ളം ശേഖരിച്ച് ഓട്ടോറിക്ഷയിലോ മറ്റോ വീടുകളിലേക്ക് എത്തിക്കുകയാണു ചെയ്യുന്നത്. വരൾച്ച തുടങ്ങുന്നതിനു മുൻപു കുഴൽക്കിണറിൽ മോട്ടർ ഘടിപ്പിച്ച് ശുദ്ധജല പ്രശ്നത്തിനു പരിഹാരമുണ്ടാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.