അഗളി∙താഴെ അബ്ബന്നൂരിൽ ആദിവാസിയുടെ കൃഷിയിടത്തിലെത്തിയ കാട്ടാന പപ്പായ മരം ഒടിച്ച് വീടിനു മുകളിലിട്ടു.കൃഷി നശിപ്പിക്കുകയും കോഴിക്കൂടും ഷെഡും കേടുവരുത്തുകയും ചെയ്തു. ഇന്നലെ പുലർച്ചെയാണ് ചെല്ലന്റെ കൃഷിയിടത്തിൽ ഒറ്റയാൻ നാശമുണ്ടാക്കിയത്.വീട്ടിനടുത്തുണ്ടായിരുന്ന പപ്പായ മരം ഒടിച്ചിട്ടതോടെ ചെല്ലനും ഭാര്യയും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നവർ ഓടി അടുത്തുള്ള പാറപ്പുറത്ത് അഭയം പ്രാപിച്ചു.
നേരം പുലർന്ന് ആന പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വീട്ടിലെത്തിയത്.റാഗിയും തുവരയും ഉൾപ്പെടെ കൃഷി ആന നശിപ്പിച്ചു.കൃഷിയിടത്തിൽ കഴിയുന്നത് സുരക്ഷിതമല്ലാത്തതിനാൽ ഇവർ ഊരിലേക്ക് താമസം മാറ്റി. ഒരാഴ്ചയായി പ്രദേശത്ത് ഒറ്റയാന്റെ സാന്നിധ്യമുണ്ടെന്ന് ഇവർ പറഞ്ഞു.