ഊട്ടി ∙ ശനിയാഴ്ച കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് നാട്ടുകാർ 20 മണിക്കൂർ സമരം ചെയ്തു. ഓവേലിക്കു സമീപം സീഫോർത് കാപ്പിത്തോട്ടത്തിനു സമീപത്തുകൂടി നടന്നുപോവുകയായിരുന്ന നൗഷാദ് (38) ആണു കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 5നാണു സംഭവം.
ഇതേ പ്രദേശത്ത് കഴിഞ്ഞ 22ന് ശിവനാണ്ടി എന്നയാളും ആനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. ആനയെ പിടികൂടണമെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് മൃതദേഹം വാങ്ങാൻ വിസമ്മതിച്ച് നാട്ടുകാർ പ്രതിഷേധിച്ചത്. അധികൃതരെത്തി ചർച്ച നടത്തി. കാട്ടാനയെ തുരത്താനായി വനംവകുപ്പ്
രണ്ട് കുങ്കിയാനകളെ സ്ഥലത്ത് നിരീക്ഷണത്തിന് എത്തിച്ചു. മരിച്ചയാളുടെ ഭാര്യക്ക് സർക്കാർ ജോലി നൽകാനും നഷ്ടപരിഹാരമായി മൊത്തം 10 ലക്ഷം രൂപ നൽകാനും ധാരണയായി. ഉറപ്പു ലഭിച്ച ശേഷം ഇന്നലെ വൈകിട്ട് 3നു ശേഷമാണ് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വിട്ടുകൊടുത്തത്.