മണ്ണാർക്കാട് ∙ വിവാഹവാഗ്ദാനം നൽകി യുവതിയെ പഴനിയിലെത്തിച്ചു പീഡിപ്പിച്ച ശേഷം പൂട്ടിയിട്ട് ആഭരണം കവർന്ന കേസിൽ പ്രതിക്ക് 9 വർഷം തടവും 2,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മേനോൻപാറ പരമാനന്ദംചള്ള ആകാശ് നിവാസിൽ സുനിൽകുമാർ (42) ആണു പ്രതി. പീഡനത്തിന് ഏഴു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും, കവർച്ചയ്ക്കു രണ്ട് വർഷവും പതിനായിരം രൂപ പിഴയുമാണു മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി കെ.എം.രതീഷ് കുമാർ വിധിച്ചത്.
പിഴത്തുകയിൽ നിന്ന് ഒന്നര ലക്ഷം രൂപ അതിജീവിതയ്ക്കു നൽകാനും വിധിയിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം അധികതടവ് അനുഭവിക്കണം.യുവതിയെ പഴനിയിൽ കൊണ്ടുപോയി കഴുത്തിൽ മഞ്ഞച്ചരടു കെട്ടി വിവാഹം കഴിഞ്ഞെന്നു വിശ്വസിപ്പിച്ചു. തുടർന്നു ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച ശേഷം ഹോട്ടലിലെ ശുചിമുറിയിൽ പൂട്ടിയിട്ട് 40,000 രൂപ വിലവരുന്ന സ്വർണാഭരണങ്ങളുമായി കടന്നെന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ കോടതി പബ്ലിക് പ്രോസിക്യൂട്ടർ പി.ജയൻ ഹാജരായി.