ADVERTISEMENT

പാലക്കാട് ∙ യാത്രക്കാർക്കു ടിക്കറ്റു നൽകാതെ സർവീസ് നടത്തുന്ന ബസുകളെ പിടികൂടാൻ മോട്ടർ വാഹന വകുപ്പിന്റെ ‘ഓപ്പറേഷൻ ഫെയർ’ പരിശോധനയ്ക്കു ജില്ലയിൽ തുടക്കം. ആദ്യ ദിവസത്തിൽ 95 ബസുകൾക്കെതിരെ നടപടിയെടുത്തു. മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർടിഒ എം.കെ.ജയേഷ്കുമാറിന്റെ നേതൃത്വത്തിൽ 6 സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. പിടികൂടിയ ബസുകളിൽ നിന്നു 1000മുതൽ 2000 രൂപ വരെ പിഴയീടാക്കി. 

മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ യാത്രക്കാരുടെ വേഷത്തിൽ പലയിടത്തും പരിശോധനയ്ക്ക് ഇറങ്ങിയതോടെയാണു ടിക്കറ്റ് നൽകാത്ത ബസുകൾ കയ്യോടെ പിടിയിലായത്. ചിലയിടങ്ങളിൽ പരിശോധന മുൻകൂട്ടി അറിഞ്ഞു ടിക്കറ്റ് നൽകിയിരുന്നെങ്കിലും ഇതിലും അപാകതകൾ കണ്ടെത്തി. സീലും ബസിന്റെ നമ്പറും മറ്റും രേഖപ്പെടുത്താത്ത ടിക്കറ്റുകളാണ് ഇപ്രകാരം നൽകിയിരുന്നത്. 

കുറഞ്ഞ ദൂരം യാത്ര ചെയ്യാൻ കൂടുതൽ തുകയെഴുതിയ ടിക്കറ്റു നൽകിയ കണ്ടക്ടർമാർക്കെതിരെയും നടപടിയെടുത്തു. ഇതിനു പുറമേ വാതിൽ തുറന്നിട്ടു സർവീസ് നടത്തിയ ഇരുപതോളം ബസുകൾക്കെതിരെ പിഴ ചുമത്തി. ഡിസംബറിൽ ബസ് സംഘടന ഭാരവാഹികളുമായി മോട്ടർ വാഹന വകുപ്പു യോഗവും ചർച്ചയും നടത്തിയിരുന്നു. 

നിയമം ലംഘിച്ചു സർവീസ് നടത്തുന്ന ബസുകൾക്കെതിരെ ജനുവരിക്കു ശേഷം നടപടിയെടുക്കുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ഇത് അവഗണിച്ചു ബസുകൾ നിയമം ലംഘിച്ചു വീണ്ടും സർവീസ് തുടർന്നതോടെയാണു മോട്ടർ വാഹന വകുപ്പു പരിശോധന കർശനമാക്കിയത്. 

പിഴ 500 രൂപ വരെ

ബസുകളിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരിൽ നിന്നു 500 രൂപവരെ പിഴ ഈടാക്കാൻ നിയമമുണ്ടെന്നു മോട്ടർ വാഹന വകുപ്പ്. ആദ്യ ഘട്ടത്തിൽ  ബോധവൽക്കരണം നൽകുന്നുണ്ട്. യാത്രക്കാർ നിർബന്ധമായും ടിക്കറ്റ് ചോദിച്ചു വാങ്ങണമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com