ADVERTISEMENT

പെരുവെമ്പ് ∙ ‘കാടും മലകളും കൂടി പിണയുന്ന നാടാണ് നമ്മണ്ടെ പാലക്കാട് ... ’ ഈ വരികൾ ഒരു തവണയെങ്കിലും മൂളാത്ത  പാലക്കാട്ടുകാർ കുറവായിരിക്കും. പാലക്കാടിന്റ പ്രകൃതിയെയും ക്ഷേത്രങ്ങളെയും ഉത്സവങ്ങവെയും പറ്റി നാടൻകലാ ഗവേഷകനും എഴുത്തുകാരനുമായ  ചെമ്പകശ്ശേരി വിശ്വം എഴുതി, പൊറാട്ടു കളിയിൽ  മണ്ണൂർ ചന്ദ്രൻ ആദ്യമായി പാടി, ചില കൂട്ടിച്ചേർക്കലുകളോടെ നാടൻ പാട്ട് കലാകാരൻ പ്രണവം ശശി  ജനകീയമാക്കിയ ‘നമ്മണ്ടെ പാലക്കാടി’ലെ  വരികളാണിത്.

ഈ വരികൾക്ക് വരകൾ കൊണ്ട് ദ്യശ്യാവിഷ്കാരമൊരുക്കിയിരിക്കുകയാണ് തത്തമംഗലം സ്വദേശി പ്രമോദ് പള്ളിയിൽ .  വിദേശത്തെ 10 വർഷത്തെ ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തി ശിൽപകലയിലേക്കും  ചിത്രകലയിലേക്കും ശ്രദ്ധയൂന്നിയ പ്രമോദിന് നാടൻ കലകളോടാണ് കൂടുതൽ പ്രിയം. അതുകൊണ്ട് തന്നെ ഒരിടം കിട്ടിയപ്പോൾ വരയ്ക്കേണ്ടത് എന്താണെന്ന് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. 

സുഹ്യത്തും  ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പ് ഭാരവാഹിയുമായ പെരുവെമ്പ് തോട്ടുപാലം മേതിൽ കോമളൻ കുട്ടിയുടെ വീടായ ‘ചിത്രകൂടത്തിന്റെ’ 200 അടി നീളവും 4 മീറ്റർ വീതിയുമുള്ള വെളുത്ത പുറം മതിലിൽ പ്രമോദ് കറുത്തചായം  കൊണ്ട് തേച്ച് പിടിപ്പിച്ചത് ‘നമ്മെണ്ടെ പാലക്കാടി’ന്റ വേറിട്ട കാഴ്ചകളെയാണ്. കാടും മലകളും കോട്ടയും പാലക്കാടിന്റ മുഖമുദ്രയായ  കരിമ്പനകളും കരിയും നെന്മാറ വല്ലങ്ങി വേലയും തേരുകളും  ചിറ്റൂർ കൊങ്ങൻ പടയും മുണ്ടൂർ കുമ്മാട്ടിയും  ചിനക്കത്തൂർ പൂരവും പൂതനും തിറയും കുതിരവേലയും കാളവേലയും അടക്കമുള്ള ഉത്സവക്കാഴ്ചകൾ മതിലിൽ കോറിയിട്ടിട്ടുണ്ട്.

കൂടാതെ   കൃഷിയിടങ്ങളും കർഷകത്തൊഴിലാളികളും അണക്കെട്ടുകളും ചെത്തുകാരും  കാളവണ്ടികളുമടക്കം പാലക്കാടിന്റെ തനിമ വിളിച്ചോതുന്ന ചിത്രങ്ങൾ വേറെയുമുണ്ട്.കാളവണ്ടിയിൽ കുറച്ച് യാത്രക്കാർ പാലക്കാടിന്റെ ഈ നാനാവിധ ഭാവങ്ങളെ കണ്ടു പോകുന്ന   രീതിയിലാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. അതിരാവിലെ എത്തി വര തുടങ്ങുന്ന പ്രമോദ് 25 ദിവസമെടുത്താണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. ഒഴിവ് സമയങ്ങളിൽ മാത്രമാണ് വര. 

ഒരു ഫ്രെയിമിൽ തന്നെ പാലക്കാടിന്റെ തനിമയെയും സംസ്കാരത്തെയും ചരിത്രത്തെയും അടയാളപ്പെടുത്തിയ ചിത്രങ്ങൾ കാണാനും  പകർത്താനും  ഒട്ടേറെ പേർ എത്തുന്നുണ്ട് . ശിൽപിയും ചിത്രകാരനുമായ  ഷഡാനനൻ ആനിക്കത്തിന്റ മകനാണ്  പ്രമോദ്. അച്ഛന്റെ സുഹൃത്തും നാട്ടുകാരനുമായ ചെമ്പകശേരി വിശ്വത്തിന്റെ വരികൾക്ക്  വരകളിലൂടെ ജീവൻ നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മുഴുവൻ സമയ ആർട്ട് ഡയറക്ടറായ ചിത്രകാരൻ.

19 ന് യുഎഇയിൽ ഇന്റർനാഷനൽ കണ്യാർകളി ഫെസ്റ്റിന് അരങ്ങൊരുക്കുന്നതിനായി  പോകാനുള്ള തയാറെടുപ്പിലാണ് ഇദ്ദേഹം.5 ചലച്ചിത്രങ്ങളിൽ കലാസംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഡോക്യുമെന്ററി രംഗത്തും സജീവമാണ്. ഫോക്ക്‌ലോർ അക്കാദമി അവാർഡ് ജേതാവും കണ്യാർ കളി ആശാനുമായ ദ്വാരകാ കൃഷ്ണന്റ മകൾ ശ്രീകലയാണ് ഭാര്യ . മകൻ ദേവദത്തൻ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com