മണ്ണാർക്കാട് ∙ നഗരമധ്യത്തിൽ നിന്ന് യുവതി പൂച്ചയെ മോഷ്ടിച്ചെന്ന പരാതിയുമായി ഉടമ പൊലീസ് സ്റ്റേഷനിൽ. പൂച്ചയുമായി യുവതി പോകുന്ന സിസിടിവി ദൃശ്യം പുറത്തുവിട്ടു. പുല്ലിശ്ശേരി സ്വദേശി താഴത്തെ കല്ലടി ഉമ്മറാണു പരാതിയുമായി മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്.20,000 രൂപ വിലവരുന്ന പൂച്ചയെ ജനുവരി 24നാണ് മണ്ണാർക്കാട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു യുവതി പിടിച്ചുകൊണ്ടുപോയതെന്നു പരാതിയിൽ പറയുന്നു.പൂച്ചയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുവന്നതായിരുന്നു.
തുടർന്ന് ഉമ്മറിന്റെ കോഴിക്കടയിൽ ഇരിക്കുന്നതിനിടെ പുറത്തേക്കിറങ്ങിയ പൂച്ചയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. കോഴിക്കടയിലെ പൂച്ചയാണെന്നു മറ്റു കടക്കാർ പറഞ്ഞപ്പോൾ അവിടെ കൊടുക്കാമെന്നു പറഞ്ഞ യുവതി പൂച്ചയെ കൊണ്ടുപോയെന്നാണ് ഉമ്മർ പറയുന്നത്.എറണാകുളത്തു നിന്നാണു പൂച്ചയെ വാങ്ങിയത്. പൊലീസിൽ പരാതി നൽകണമെന്നു മക്കൾ ആവശ്യപ്പെട്ടെങ്കിലും തിരികെ കിട്ടുമെന്ന പ്രതീക്ഷിച്ചാണു പരാതി നൽകാൻ വൈകിയതെന്ന് ഉമ്മർ പറഞ്ഞു.