ഒറ്റപ്പാലം∙ പൊലീസ് സ്റ്റേഷനിൽ അന്തിമഘട്ടത്തിലെത്തി നിലച്ച നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ വഴിയൊരുങ്ങുന്നു. കെട്ടിടത്തിന്റെ മുൻവശം ആധുനിക രീതിയിൽ നവീകരിക്കുന്നിതിനു കെ.പ്രേംകുമാർ എംഎൽഎ 8 ലക്ഷം രൂപ അനുവദിച്ചു. പദ്ധതിയുടെ വിശദമായ രൂപരേഖ തയാറായി. കാലതാമസം കൂടാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാകുമെന്നാണു പ്രതീക്ഷ. പദ്ധതി പൂർത്തിയാകുന്നതോടെ സ്റ്റേഷന്റെ മുഖഛായ മാറും. രണ്ടര വർഷം മുൻപാണു ‘സ്മാർട്’ പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.
സ്റ്റേഷനു മുന്നിൽ ചില്ലുവാതിൽ സ്ഥാപിക്കൽ, മേൽക്കൂരയ്ക്കു സീലിങ് നിർമാണം, ഇലക്ട്രിക്കൽ ജോലികൾ, ശുചിമുറികളുടെ നവീകരണം, നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ, മുറ്റത്ത് ഇന്റർലോക് ടൈൽസ് പതിക്കൽ, പൊലീസ് വാഹനങ്ങൾ നിർത്തിയിടാനുള്ള ഷെഡ് നിർമാണം എന്നിവ ഇതിനകം പൂർത്തിയായി. കെട്ടിടത്തിന്റെ മുൻഭാഗം നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങാനാകാത്ത സാഹചര്യത്തിലാണ് എംഎൽഎ തുക അനുവദിച്ചത്.