ADVERTISEMENT

കൊല്ലങ്കോട് ∙ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായതോടെ മുതലമട പഞ്ചായത്തിൽ സിപിഎമ്മിനു ഭരണം നഷ്ടമായി. വോട്ടെടുപ്പിൽ നിന്നു വിട്ടു നി‍ൽക്കണമെന്ന ബിജെപി ജില്ലാ കമ്മിറ്റിയുടെ വിപ്പ് ലംഘിച്ച് 3 അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചു. ഇവരെ പിന്നീടു ബിജെപി സസ്പെൻഡ് ചെയ്തു.സിപിഎം പ്രതിനിധികളായ അധ്യക്ഷ കെ.ബേബിസുധ, ഉപാധ്യക്ഷൻ ആർ. അലൈരാജ് എന്നിവരാണു പുറത്തായത്.

സ്വതന്ത്ര അംഗങ്ങളായ പി.കൽപനാദേവി, എം.താജുദ്ദീൻ എന്നിവരാണു കോൺഗ്രസ് പിന്തുണയോടെ പ്രമേയം അവതരിപ്പിച്ചത്. സിപിഎമ്മിന്റെ 8 അംഗങ്ങൾ എതിർത്തപ്പോൾ കോൺഗ്രസിലെ 6 അംഗങ്ങളും 2 സ്വതന്ത്രരും 3 ബിജെപി അംഗങ്ങളും പിന്തുണച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി. പ്രദീപ്കുമാർ, കൊല്ലങ്കോട് മണ്ഡലം പ്രസിഡന്റ് കെ.സതീഷ്, സി.രാധ എന്നിവരെ പാർട്ടിയുടെ ചുമതലകളിൽ നിന്നും പ്രാഥമികാംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് അറിയിച്ചു. ബിജെപി കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. 

എന്നാൽ തങ്ങൾക്കു വിപ്പ് ലഭിച്ചിട്ടില്ലെന്നാണു ബിജെപി പഞ്ചായത്ത് അംഗങ്ങളുടെ നിലപാട്. പഞ്ചായത്തിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ കെ.ജി.പ്രദീപ്കുമാർ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള മുതിർന്ന നേതാവാണ്.20 അംഗ ഭരണസമിതിയിലെ സിപിഎം അംഗം എൻ.വൈ. അബ്ദുൽ റഹ്മാൻ സർക്കാർ ജോലി ലഭിച്ചതിനെത്തുടർന്നു രാജി വച്ചതോടെയാണ് അവിശ്വാസ പ്രമേയത്തിനു സാഹചര്യമുയർന്നത്. 

2021 ഡിസംബർ 4നു കോൺഗ്രസ് അവിശ്വാസ പ്രമേയത്തിനു ശ്രമിച്ചെങ്കിലും സിപിഎം, ബിജെപി അംഗങ്ങൾ വിട്ടു നിന്നു. ഇതോടെ ക്വോറം തികയാത്തതിനാൽ പ്രമേയം ചർച്ചയ്ക്കെടുക്കാൻ കഴിഞ്ഞില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം അധ്യക്ഷയെയും ഉപാധ്യക്ഷനെയും കണ്ടെത്താൻ യോഗം ചേർന്നപ്പോൾ കോൺഗ്രസ് വിട്ടു നിന്നിരുന്നു.അന്നു ബിജെപി അംഗങ്ങൾ പങ്കെടുത്തതോടെ യോഗത്തിനു ക്വോറം തികഞ്ഞെങ്കിലും വോട്ടെടുപ്പിൽ നിന്ന് അവർ വിട്ടു നിന്നതോടെ സിപിഎമ്മിലെ കെ.ബേബിസുധ അധ്യക്ഷയായും ആർ.അലൈരാജ് ഉപാധ്യക്ഷനായും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കൊല്ലങ്കോട്ട് ബിജെപിയിൽ പൊട്ടിത്തെറിക്ക് സാധ്യത

ബിജെപി സംഘടിപ്പിച്ച പദയാത്ര ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിച്ചുവെന്ന അഭിനന്ദനം ലഭിച്ച കൊല്ലങ്കോട് മണ്ഡലം കമ്മിറ്റിയെയും ജില്ലയിലെ മുതിർന്ന നേതാവിനെയും ദലിത് മണ്ഡലം പ്രസിഡന്റിനെയും സസ്പെൻഡ് ചെയ്ത നടപടി ബിജെപിക്കകത്തു പൊട്ടിത്തെറിക്കു വഴി വയ്ക്കുമെന്നു സൂചന. ജില്ലയിലെ ഗ്രൂപ്പ് പ്രശ്നങ്ങളാണു ധൃതിപിടിച്ചുള്ള നടപടിക്കു കാരണമായതെന്നു പറയുന്നു. സിപിഎം ഭരണസമിതിയെ താഴെയിറക്കണമെന്ന നിലപാടിലായിരുന്നു പ്രാദേശിക നേതൃത്വം. അതിനൊപ്പം, സിപിഎം അംഗം രാജിവച്ച വാർഡ് കഴിഞ്ഞ തവണ വെറും 8 വോട്ടിനു തോറ്റതായതിനാൽ ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുക്കാനും പദ്ധതിയിട്ടിരുന്നു.

എന്നാൽ ബിജെപിയുടെ സംസ്ഥാനത്തെ ഉന്നത നേതാവും ജില്ലയിലെ മൂന്നു പ്രമുഖ നേതാക്കളും ഇതിനെതിരെ നിലപാട് സ്വീകരിച്ചു. ഇവർ പ്രാദേശിക നേതാക്കളെ കൊടുവായൂരിലേക്കു വിളിപ്പിച്ചു അവിശ്വാസത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കരുതെന്നു നിർദേശം നൽകി.സംസ്ഥാനത്തു പല തദ്ദേശ സ്ഥാപനങ്ങളിലും ബിജെപിയെ താഴെയിറക്കാൻ സിപിഎം കോൺഗ്രസിനൊപ്പം ചേർന്നിട്ടുള്ള കാര്യങ്ങൾ മുതലമടയിൽ നിന്നുള്ളവർ ധരിപ്പിച്ചെങ്കിലും ഒരു കാരണവശാലും സിപിഎം ഭരണസമിതിയെ താഴെയിറക്കാൻ സഹായിക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന നിർദേശം ജില്ലാ നേതൃത്വം

ആവർത്തിച്ചു. എന്നാൽ സിപിഎമ്മിനെ പിന്തുണയ്ക്കുന്നതിൽ അണികൾക്കിടയിൽ അസംതൃപ്തിയുണ്ടെന്നും അവരുടെ വികാരം ഭരണസമിതിക്കെതിരാണെന്നുമുള്ള നിലപാട് പഞ്ചായത്ത് അംഗങ്ങളായ നേതാക്കൾ ആവർത്തിച്ചു. ഇതിനു സംസ്ഥാനത്തെ ചില പ്രമുഖ ബിജെപി നേതാക്കളുടെ പിന്തുണയുമുണ്ട്. ‘അവിശ്വാസ വോട്ടെടുപ്പിൽ നിന്നും ബിജെപിയുടെ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച താങ്കൾ വിട്ടു നിൽക്കണം’ എന്നു നിർദേശിക്കുന്ന വിപ്പ് ജനുവരി ഒടുവിൽ റജിസ്റ്റേഡ് തപാലിലാണ് ജില്ലാ കമ്മിറ്റി അയച്ചത്. ഇതിനു ശേഷം ജില്ലയിൽ നിന്നുള്ള കോർ കമ്മിറ്റി ചേർന്നു വിപ്പു ലംഘിച്ചാൽ എടുക്കേണ്ട നിലപാട് ചർച്ച ചെയ്തു. എന്നാൽ ആവശ്യമായ ചർച്ചകളില്ലാതെയുള്ള നടപടികളിലെ ഇരട്ടത്താപ്പിൽ അമർഷമുള്ള ചിലർ യോഗത്തിൽ നിന്നു വിട്ടു നിന്നതായി സൂചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com