കൊല്ലങ്കോട് ∙ മുതലമട പഞ്ചായത്തിൽ സിപിഎം ഭരണം നിലനിർത്താൻ നടന്നത് ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ അനുസ്മരിപ്പിക്കുന്ന നാടകീയത. വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ പഞ്ചായത്ത് അംഗങ്ങൾക്കു പണം നൽകാമെന്ന വാഗ്ദാനം, അംഗങ്ങളെ മാറ്റി നിർത്താനായി ബന്ധുവിന്റെ ചികിത്സാർഥം കൊണ്ടു പോകാൻ ശ്രമം; ഒടുവിൽ കോൺഗ്രസ് അംഗങ്ങളും സ്വതന്ത്രരുമടങ്ങിയ 8 പേർ രാത്രി തമിഴ്നാട്ടിലേക്കു മാറി നിൽക്കൽ....
ആർക്കും ഭൂരിപക്ഷമില്ലാത്ത മുതലമട പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗങ്ങളാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ജില്ലാ കമ്മിറ്റിയുടെ വിപ്പു ലംഘിച്ച് ബിജെപിയുടെ മൂന്ന് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചതോടെ അവിശ്വാസം വിജയിക്കുകയും സിപിഎം ഭരണത്തിൽ നിന്നു പുറത്താവുകയുമായിരുന്നു. പഞ്ചായത്തിനു യോഗത്തിനു തലേന്ന് കോൺഗ്രസിലെ ഒരു വിഭാഗത്തെ വോട്ടെടുപ്പിൽ നിന്നു മാറ്റി നിർത്താൻ ഉന്നതരുടെ അറിവോടെ ചില കേന്ദ്രങ്ങളിൽ നിന്നു നീക്കമുണ്ടായി.
എന്നാൽ അതു മറികടക്കാൻ കോൺഗ്രസിന്റെ 6 അംഗങ്ങളും സ്വതന്ത്രരായ 2 അംഗങ്ങളും തമിഴ്നാട്ടിലേക്കു മാറി സുരക്ഷിതത്വം തേടി. ഇതിനിടെ ബിജെപിയുടെ പ്രമുഖ നേതാവിനു സിപിഎമ്മിന്റെ പ്രാദേശിക നേതാവിൽ നിന്നു വിളിയെത്തി. കോൺഗ്രസിന്റെ 3 അംഗങ്ങൾ തങ്ങളുമായി ധാരണയിലെത്തി. അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു നാണം കെടാൻ ബിജെപിയെന്തിനു നിൽക്കണം? എന്നായിരുന്നു ചോദ്യം.പിന്നീട് ബിജെപിയിലെ ഒരു അംഗത്തിനു വോട്ടെടുപ്പിൽ നിന്നു വിട്ടു നിൽക്കാൻ പണം വാഗ്ദാനമുണ്ടായി. അതിനു വഴങ്ങില്ലെന്ന സ്ഥിതി വന്നതോടെ അവരെ ആശുപത്രി ആവശ്യത്തിനെന്ന പേരിൽ മുതലമടയിൽ നിന്നു മാറ്റി നിർത്താൻ ബന്ധുവിനെ ഉപയോഗിച്ചു നീക്കം നടത്തി.
ഇതോടെ ബിജെപി മണ്ഡലം നേതൃത്വം രാത്രി മുഴുവൻ കാവൽ നിന്ന് ഇവരെ സംരക്ഷിക്കുകയായിരുന്നു. ബിജെപി അംഗങ്ങളെ അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നു മാറ്റി നിർത്താൻ ഇരുവിഭാഗത്തിന്റെയും പ്രമുഖ നേതാക്കൾ നടത്തിയ ഇടപെടൽ ഫലം കാണാതായതിനെ തുടർന്നു ജില്ലാ നേതാവ് നേരിട്ടെത്തി വിപ്പു നൽകാൻ ശ്രമം നടത്തിയതും മറ്റൊരു നാടകീയതയായി. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഒരു പഞ്ചായത്ത് ഭരണം നില നിർത്താൻ ഉണ്ടായ ഇടപെടലുകൾ അടുത്ത അധ്യക്ഷ, ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പു വരെയെങ്കിലും തുടർന്നേക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം 20 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ സിപിഎം 9, കോൺഗ്രസ് 6, ബിജെപി 3, സ്വതന്ത്രർ 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നു സിപിഎമ്മിലെ എൻ.വൈ.അബ്ദുൽ റഹ്മാൻ രാജിവച്ചതോടെ പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിന്റെ അംഗസംഖ്യ 8 ആയി കുറഞ്ഞതോടെയാണു കോൺഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്രർ അവിശ്വാസത്തിനു നോട്ടീസ് നൽകുന്നത്.