ADVERTISEMENT

മണ്ണാർക്കാട് ∙ മലയോര മേഖല പുലി ഭീതിയിൽ. തത്തേങ്ങലം, കാരാപ്പാടം, പൊതുവപ്പാടം, കണ്ടമംഗലം, കുന്തിപ്പാടം മേഖലകൾ പുലിപ്പേയിലമർന്നിട്ടു മാസങ്ങളായിയെങ്കിലും, അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. ജനുവരി 29നാണു കണ്ടമംഗലം കുന്തിപ്പാടത്ത് പുലി കോഴിക്കൂട്ടിൽ കുടുങ്ങി ചത്തത്. ജനുവരി 16നു തത്തേങ്ങലം ഇരുമ്പുപാലത്തിനു സമീപം പുലിയെയും രണ്ടു കുട്ടികളെയും കണ്ടിരുന്നു.  തിങ്കളാഴ്ച രാവിലെ കണ്ടമംഗലം കാരക്കാട് രണ്ടു പുലിക്കുട്ടികളെ റോഡിൽ കണ്ടു. കുന്തിപ്പാടത്തു പുലി ചത്ത ദിവസം സമീപ പ്രദേശങ്ങളിൽ പുലിയിറങ്ങിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു.

തത്തേങ്ങലം പുളിഞ്ചോട്ടിൽ നിന്നു ജനുവരി 31നു വളർത്തു നായയെ പുലി പിടിച്ചു. രാവിലെ ടാപ്പിങ്ങിനു പോകുന്നവരും സൊസൈറ്റിയിൽ പാൽ നൽകാൻ പോകുന്നവരുമൊക്കെ പുലിയെ കാണുന്നുണ്ട്. തത്തേങ്ങലം മേഖലയിൽ പല വീട്ടുകാരും രാത്രി നേരിട്ടു പുലിയെ കണ്ടിട്ടുണ്ട്. വനത്തോടു ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളിൽ പുലി സാന്നിധ്യം ഉണ്ടെന്ന കാര്യത്തിൽ നാട്ടുകാർക്കു തർക്കമില്ല. ഒട്ടേറെപ്പേരുടെ വളർത്തുമൃഗങ്ങളെയാണു പുലി പിടിച്ചത്. 

ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങുന്ന കാര്യം സമ്മതിക്കാത്തത് വനം വകുപ്പ് മാത്രമാണ്. തത്തേങ്ങലത്തു പുലി കാട്ടിലാണെന്നാണു വനം വകുപ്പിന്റെ വിശദീകരണം. വനവും ജനവാസ കേന്ദ്രവും വേർതിരിക്കുന്നത് ഒരു റോഡ് മാത്രമാണ്. അതല്ലെങ്കിൽ ജണ്ടയാണ്. ആറു മണി കഴിഞ്ഞാൽ പുറത്തിറങ്ങാൻ ആളുകൾക്കു ഭയമാണ്. വളർത്തു മൃഗങ്ങളെ തൊഴുത്തിലും കൂട്ടിലും കെട്ടാൻ നിർവാഹമില്ല.  പുലർച്ചെ ജോലിക്കു പോകാനും വഴിയില്ല. പലരുടെയും ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്. ടാപ്പിങ് ഉൾപ്പെടെയുള്ള ജോലിക്കു പോകാൻ കഴിയാതെ പലരുടെയും വരുമാനം നിലച്ചു. 

ഉറക്കവും സമാധാനവും നഷ്ടപ്പെട്ടാണു പ്രദേശവാസികളുടെ ജീവിതം. ഇതിനു പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.എന്നാൽ, ജനവാസ കേന്ദ്രത്തിലേക്കു പുലി വരുന്നില്ലെന്നാണു വനം വകുപ്പിന്റെ നിലപാട്. പുലി കാട്ടിലാണു കഴിയുന്നത്. അതുകൊണ്ടുതന്നെ പിടികൂടുക എളുപ്പമല്ല. പുലിശല്യം ഉള്ള പ്രദേശങ്ങളിൽ രാത്രി 12 മണി വരെ ആർആർടിയും വനം വകുപ്പ് ഉദ്യോഗസ്ഥരും പട്രോളിങ് നടത്തുന്നുണ്ടെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.

തത്തേങ്ങലത്ത് പട്ടാപ്പകൽ ആടിനെ പുലി ആക്രമിച്ചു 

തത്തേങ്ങലത്ത് പട്ടാപ്പകൽ പുലി ആടിനെ ആക്രമിച്ചു. പരുക്കേറ്റ ആടിനു മണ്ണാർക്കാട് വെറ്ററിനറി ആശുപത്രിയിൽ ചികിത്സ നൽകി. തത്തേങ്ങലം മൂച്ചിക്കുന്ന് സ്വദേശി ഹരിദാസിന്റെ ആടിനെയാണ് ഇന്നലെ വൈകിട്ടു നാലു മണിയോടെ പുലി ആക്രമിച്ചത്. ആടുകളെ മേയ്ക്കാൻ വിട്ടതായിരുന്നു. ആടിന്റെ കരച്ചിൽ കേട്ട് ശബ്ദം ഉണ്ടാക്കിയപ്പോൾ ആടിനെ ഉപേക്ഷിച്ച് പുലി പോകുന്നതു കണ്ടെന്ന് ഹരിദാസ് പറഞ്ഞു. അതേസമയം, കടിച്ചതു പുലി തന്നെയാണെന്നു പറയാനാവില്ലെന്നു വെറ്ററിനറി ഡോക്ടർ കെ.എ.വൈശാഖൻ പറഞ്ഞു. അതിനിടെ, തത്തേങ്ങലത്ത് രാത്രി പട്രോളിങ്ങിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. 

ഷോളയൂർ കത്താളക്കണ്ടിയിൽ പുലികളും കാട്ടുനായ്ക്കളും

ഷോളയൂർ ∙ കാടിറങ്ങിയ പുലികളും കാട്ടുനായ്ക്കളും കത്താളക്കണ്ടിയിൽ ഭീതി പരത്തുന്നു. 2 മാസത്തിനിടെ 7 പശുക്കളെ കൊന്നു. ഒട്ടേറെ നായ്ക്കളെ കാണാതായി. കാലിവളർത്തലിനെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബങ്ങളാണ് ഇവിടെയുള്ളത്. പശുക്കളെയും ആടുകളെയും മേച്ചിലിന് അയയ്ക്കാൻ ഭയമാണെന്ന് ഇവർ പറയുന്നു. രാത്രിയിൽ തൊഴുത്തിലെത്തിയും പുലി പശുക്കളെ ആക്രമിക്കുന്നുണ്ട്. ഒന്നിലേറെ പുലികളുണ്ടെന്നു ക‍ർഷകർ പറയുന്നു. നേരത്തെ നല്ലശിങ്കക്കടുത്ത് രാത്രി റോഡരികിൽ വാഹനത്തിന് മുന്നിലെത്തിയ പുലിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com