യുവാക്കളെ ആകർഷിക്കാൻ പാർട്ടി ലേബലില്ലാതെ ‘മോദിപ്പട’

PTI4_5_2019_000093A
representative image
SHARE

പാലക്കാട് ∙ തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി കേന്ദ്രത്തിന്റെ വികസന, ക്ഷേമ, യുവജന പദ്ധതികളുടെ പ്രചാരണത്തിനും അവ കൂടുതൽ പേർക്കിടയിൽ എത്തിക്കാനും മേ‍ാദിപ്പട (മേ‍ാദി വാരിയേഴ്സ്) എന്ന പേരിൽ ബിജെപി ലക്ഷ്യമിടുന്നത് ഒരുലക്ഷം യുവാക്കളുടെ കൂട്ടായ്മ.പാർട്ടി ബന്ധമില്ലാത്തവരും കേന്ദ്രപദ്ധതികളെ തുണയ്ക്കുന്നവരെയും ഇതിലേക്കു തിരഞ്ഞെടുക്കാനാണു തീരുമാനം. പ്ലസ്ടു മുതലുളള വിദ്യാർഥികൾ, ഗവേഷകർ, ഐടി, മാർക്കറ്റിങ്, മാനേജ്മെന്റ് തുടങ്ങിയ മേഖലയിലുള്ളവർക്കു മുൻഗണന നൽകി ഒ‍ാൺലൈൻ വഴിയാകും പടയുടെ തിരഞ്ഞെടുപ്പ്. യുവാക്കൾ വലിയ തേ‍ാതിൽ പ്രധാനമന്ത്രിയുടെ നടപടികളെ തുണയ്ക്കുന്നുണ്ടെങ്കിലും അതു രാഷ്ട്രീയമായി ഉപയേ‍ാഗപ്പെടുത്താൻ  കഴിയുന്നില്ലെന്നു നേതൃത്വത്തിൽ വിമർശനമുയർന്നിരുന്നു.

ഒരു ക്യാംപസിൽ നിന്നു കുറഞ്ഞത് 50 പേർ എന്നാണു കണക്ക്. മെ‍ാത്തം ആളുകളിൽ 50% വനിതകൾ വേണമെന്നാണു നിർദേശം. പാർട്ടി ലേബലിലായിരിക്കില്ല വാരിയേഴ്സ് പ്രവർത്തനം. സമൂഹമാധ്യമ മേഖലയിലാണ് ഇവരെ ആദ്യം ഉപയേ‍ാഗപ്പെടുത്തുക. ഏപ്രിലിൽ കെ‍ാച്ചിയിൽ നടത്തുന്ന വാരിയേഴ്സ് സംഗമത്തിൽ പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനാണു നീക്കം. സംവാദത്തിനു കേന്ദ്രമന്ത്രിമാരുമെത്തും. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിനാണു മേ‍ാദി വാരിയേഴ്സിന്റെ ചുമതല. റജിസ്ട്രേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾക്കു സംസ്ഥാനതല ഉപസമിതി രൂപീകരിക്കും.

കുടുംബശ്രീ, തെ‍ാഴിലുറപ്പ്, ആശാ വർക്കേഴ്സ്, അങ്കണവാടി പ്രവർത്തകർ, രാഷ്ട്രീയേതര വനിതാ സംഘടനാ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി തൃശൂരിൽ നടത്തുന്ന വനിതാസംഗമത്തിൽ രണ്ടുലക്ഷം പേരെ പങ്കെടുപ്പിക്കാനാണു ശ്രമം. മേ‍ാദി സർക്കാർ നടപ്പാക്കിയ വൺ റാങ്ക്, വൺ പെൻഷൻ ഉൾപ്പെടെ സൈനികർക്കുള്ള ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിൽ കേ‍ാഴിക്കേ‍ാട്ടു വച്ചാണു വിമുക്തഭടന്മാരുടെ സംസ്ഥാന സംഗമം. 

കേന്ദ്രപദ്ധതികൾ സംസ്ഥാനത്തിന്റേതാക്കി പ്രചരിപ്പിക്കുന്ന ഇടതുസർക്കാരിന്റെ രാഷ്ട്രീയം ബേ‍ാധ്യപ്പെടുത്താനും പദ്ധതികൾ കുടുംബങ്ങളിലെത്തിക്കാനും നടത്തുന്ന ‘നന്ദി മേ‍ാദി’ ക്യാംപെയ്ൻ മാർച്ച് 31 വരെ തുടരാനും ബിജെപി സംസ്ഥാന സമിതി തീരുമാനിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS