കല്ലടിക്കോട് ∙ ദേശീയപാത നവീകരണത്തോടെ പഴയ ബസ് സ്റ്റോപ്പുകൾ ഇല്ലാതായി, യാത്രക്കാർക്ക് കഷ്ടപ്പാടിനൊപ്പം അപകട ഭീഷണിയും. പഴയ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ തന്നെയാണ് ഇപ്പോഴും ബസുകൾ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നത്. ഇവിടങ്ങളിൽ ബസ് റോഡിൽനിന്ന് ഇറക്കി നിർത്താനുള്ള സൗകര്യം ഇല്ലാത്തത് ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും കാരണമാവുന്നു. ഇവിടങ്ങളിലുണ്ടായിരുന്ന ബസ് സ്റ്റോപ്പുകൾ ഇടിച്ചു നിരത്തുകയും ചെയ്തു. ബസ് റോഡിൽനിന്ന് ഇറക്കി നിർത്തി യാത്രക്കാരെ കയറ്റി ഇറക്കാൻ കഴിയുന്ന രീതിയിലാണു പുതിയ ബസ് സ്റ്റോപ്പുകൾ നിർമിച്ചിരിക്കുന്നത്. എന്നാൽ, ഇവിടങ്ങളിൽ ബസ് നിർത്താതെ പഴയ സ്ഥലത്തു തന്നെയാണു ബസ് നിർത്തുന്നത്.

സ്ഥലത്തു പുതിയതായി എത്തുന്നവർക്ക് ബസ് സ്റ്റോപ്പ് ഏതാണെന്ന് അറിയാൻ കഴിയാത്ത സാഹചര്യവുമുണ്ട്. പുതിയ ബസ് സ്റ്റോപ്പുകൾക്കിടയിൽ പഴയവ പൂർണമായും ഇല്ലാതായത് യാത്രക്കാരെ വലയ്ക്കുന്നുമുണ്ട്. കല്ലടിക്കോട് അയ്യപ്പൻകാവ്, ടിബി സ്റ്റോപ്പുകൾക്ക് അൽപം മാറി പുതിയ സ്റ്റോപ്പുകൾ സ്ഥാപിച്ചപ്പോൾ ചുങ്കം, ദീപ, മേലെ ചുങ്കം തുടങ്ങിയ സ്റ്റോപ്പുകൾ ഇല്ലാതായി.
ഇതേ സാഹചര്യമാണ് മാച്ചാംതോട്, പൊന്നംകോട് ഭാഗത്തുമുള്ളത്.യാത്രക്കാർക്ക് സൗകര്യമാവുന്ന രീതിയിൽ കൂടുതൽ ബസ് സ്റ്റോപ്പുകൾ സ്ഥാപിച്ച് അകലം കുറയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബസ് സ്റ്റോപ്പുകളിലെ അവ്യക്തത ഒഴിവാക്കി അപകടം ഇല്ലാതാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.