ADVERTISEMENT

പാലക്കാട് ∙ ഈ സീസണിൽ നെല്ല് സംഭരിച്ച വകയിൽ കുടിശികയുള്ള തുക ലഭിക്കണമെങ്കിൽ കേരള ബാങ്കിൽ നിർബന്ധമായും അക്കൗണ്ട് തുടങ്ങേണ്ട അവസ്ഥയിൽ കർഷകർ. കുടിശിക തീർക്കാൻ സംസ്ഥാന സർക്കാർ കേരള ബാങ്കിൽ നിന്നാണു കടമെടുത്തത് എന്നതിലാണ് മറ്റു ബാങ്കുകളിൽ അക്കൗണ്ടുള്ളവരും ഇവിടെ വീണ്ടും തുടങ്ങേണ്ടി വരുന്നത്. പാഡി റസിപ്റ്റ് ഷീറ്റിന്റെ ഈടിൽ കർഷകനെ വായ്പക്കാരനാക്കുന്ന രീതിയിലാണു കേരള ബാങ്ക് തുക വിതരണം ചെയ്യുന്നത്. ഇന്നു മുതൽ കേരള ബാങ്കി‍ൽ നിന്നു കർഷകർക്കു പണം ലഭിച്ചേക്കും. 

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നെല്ലിന്റെ തുക വിതരണം പൂർണമായും താളം തെറ്റിയിരുന്നു. പൊതുമേഖല ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 6.9 ശതമാനം പലിശ നിരക്കിൽ 2500 കോടി രൂപ സപ്ലൈകോ കടമെടുത്തിരുന്നെങ്കിലും ഈ തുക നേരത്തേയുള്ള കുടിശിക തീർക്കുന്നതിനു വകമാറ്റേണ്ടി വന്നു. കർഷകരുടെ കുടിശിക തീർക്കാൻ ഒരു നിവൃത്തിയും ഇല്ലാതായതോടെയാണ് 7.65 ശതമാനം പലിശയ്ക്ക് കേരള ബാങ്കിൽ നിന്ന് 195 കോടി രൂപ കടമെടുത്തത്. കർഷകരുടെ അക്കൗണ്ടിലേക്കു നേരിട്ട് പണം നൽകുന്ന രീതി അംഗീകരിക്കില്ലെന്നും കർഷകനെ വായ്പക്കാരനാക്കുന്ന രീതിയിൽ പണം നൽകാമെന്നുമുള്ള കേരള ബാങ്ക് വ്യവസ്ഥ സപ്ലൈകോയ്ക്ക് അംഗീകരിക്കേണ്ടിയും വന്നു. 

നെല്ലിന്റെ വിലയായി ബാങ്ക് കർഷകർക്കു നൽകുന്ന തുക സപ്ലൈകോ ബാങ്കിനു തിരിച്ചു നൽകുന്നതു വരെ കൃഷിക്കാരൻ കടക്കാരനാകുമെന്നതാണ് ഈ രീതിയുടെ പ്രശ്നം. ഇതു കർഷകരുടെ സിബിൽ സ്കോറിനെയടക്കം ബാധിക്കും. പക്ഷേ, കുടിശിക തീർക്കാൻ സർക്കാരിനു മുന്നിൽ വേറെ വഴിയില്ല.  4 മാസം വൈകിയാണെങ്കിലും നെല്ലിന്റെ വില ലഭിക്കുമെന്ന ആശ്വാസത്തിലാണു കർഷകർ. ഈ തുക കിട്ടിയിട്ടു വേണം ഇതര വായ്പയും കടവും തീർക്കാൻ. ജില്ലയിൽ മാത്രം 92 കോടി രൂപയാണ് ഇനിയും കർഷകർക്കു നൽകാനുള്ളത്. ജില്ലയിൽ 1.3 ലക്ഷം മെട്രിക് ടൺ നെല്ലാണ് ഒന്നാംവിളയി‍ൽ സംഭരിച്ചിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com