ADVERTISEMENT

പുതുശ്ശേരി ∙ കനത്ത വെയിലിനൊപ്പം കാട്ടാന ശല്യവും രൂക്ഷമായതോടെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കാവൽ ഇരിക്കേണ്ട ഗതികേടിലാണു കഞ്ചിക്കോട്ട് കർഷകർ. കൊയ്ത്തു കഴിഞ്ഞ് ആഴ്ചകളായിട്ടും രണ്ടാം വിള സംഭരണം മേഖലയിൽ ആരംഭിച്ചിട്ടില്ല. കനത്ത വെയിൽ കാരണം നെല്ലിന്റെ തൂക്കം ദിവസവും കുറഞ്ഞു വരികയാണ്. അതിനാൽ സംഭരണ തുക കാര്യമായി കുറയുമെന്ന ആശങ്കയിലാണു കർഷകർ. ഇതോടൊപ്പം കൂട്ടിയിട്ട നെല്ലു തിന്നാനെത്തുന്ന കാട്ടാനകളും കർഷകരെ ഭീതിയിലാക്കുന്നു.

ചെല്ലങ്കാവ് ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലെ കർഷകരാണു ദുരിതം അനുഭവിക്കുന്നത്. ഇവിടെ മറ്റിടങ്ങളിൽ നിന്നു വ്യത്യസ്തമായി പതിവിലും നേരത്തെ ജനുവരി–ഫെബ്രുവരി മാസത്തിലാണു രണ്ടാം വിള കൊയ്ത്തു പൂർത്തിയാകുന്നത്. പലർക്കും ഒന്നാം വിളയിൽ സംഭരിച്ച നെല്ലിന്റെ തുക പോലും മുഴുവനായി ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് ഉള്ളതെല്ലാം വിറ്റുപ്പെറുക്കിയും കടമെടുത്തും ഭൂമി പണയപ്പെടുത്തിയും പ്രതീക്ഷയോടെ രണ്ടാം വിള ഇറക്കിയത്. എന്നാൽ പ്രതികൂല കാലാവസ്ഥയിൽ രണ്ടാം വിളയിലും നെല്ല് കുറഞ്ഞു.

മിച്ചം കിട്ടിയ നെല്ലു സംഭരിച്ച തുക ലഭിച്ചാലേ ഇവർക്കു ഒന്നാം വിളയിലേക്കു കടക്കാനാവു. നിലവിൽ പൂണ്ടിപാറയിൽ നെല്ല് സംഭരിച്ചു കർഷകർ രാപകൽ കാവലിരിക്കുകയാണ്. എന്നിട്ടും കഴിഞ്ഞ ദിവസമെത്തിയ കാട്ടാനക്കൂട്ടം ക്വിന്റൽ കണക്കിനു നെല്ലാണു തിന്നിട്ടു പോയത്. സംഭരണം വൈകിയാൽ നെല്ലു മുഴുവൻ കാട്ടാന അകത്താക്കുമെന്നു പാടശേഖര സമിതി പ്രസിഡന്റ് കെ.മണി പറയുന്നു.

പാടശേഖരത്തിലെ കർഷകരായ എ.അസീസ്, കെ.കെ.മുസ്തഫ, അബ്ദുൽ കരീം, മണികണ്ഠൻ, കൃഷ്ണൻകുട്ടി, ബഷീർ, ഹമീദ്, സുധാകരൻ, നടരാജൻ, സെന്തിൽ തുടങ്ങിയവരുടെ നൂറു കണക്കിനു ചാക്കു നെല്ലാണു പാറപ്പുറത്തു കൂട്ടിയിട്ടിരിക്കുന്നത്. പുതുശ്ശേരിയിൽ പൊടി വിത ചെയ്യുന്നവർ ഏപ്രിലിലും നടീലാണേൽ ജൂണിലുമാണ് ഒന്നാം വിള കൃഷി ഇറക്കുന്നത്. രണ്ടാം വിള സംഭരണം പൂർത്തിയാക്കിയാലേ ഒന്നാം വിളയിലേക്കു കർഷകർക്കു കടക്കാനാവു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com