ADVERTISEMENT

കൊല്ലങ്കോട് ∙ കെട്ടിട നിർമാണ രംഗത്തു പെണ്ണിടം സൃഷ്ടിക്കുകയാണു കുടുംബശ്രീയുടെ കീഴിലുള്ള കൊല്ലങ്കോട് ഐശ്വര്യം കൺസ്ട്രക്‌ഷൻ കൺസോർഷ്യം. കുടുംബശ്രീയുടെ നേതൃത്വത്തിൽ കെട്ടിട നിർമാണ പരിശീലനം നേടിയ കൊല്ലങ്കോട് ഇടച്ചിറയിലെ ലളിതാ ഷൺമുഖൻ (48), ലക്ഷ്മി വേലായുധൻ (68), ബിന്ദു പ്രകാശൻ (35), അംബിക രാമൻകുട്ടി (49), ധനലക്ഷ്മി സെന്തിൽ (35) എന്നിവരുടെ കൂട്ടായ്മയിൽ ഇതുവരെ വീടൊരുങ്ങിയതു 14 കുടുംബങ്ങൾക്കാണ്.

കെട്ടിട നിർമാണത്തിൽ ലഭിച്ച പരിശീലനം നല്ലരീതിയിൽ വിനിയോഗിച്ചാൽ കുടുംബത്തിനു താങ്ങാകാമെന്ന ചിന്തയാണു പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിലേക്ക് ഇവരെ നയിച്ചത്. അസ്ഥിവാരം മുതൽ കെട്ടിടനിർമാണം പൂർണമായി നേരിട്ടു നടത്തും. കോൺക്രീറ്റിങ്ങിനു മാത്രം പുരുഷന്മാരെ കൊണ്ടുവരും. തൊഴിൽദിനങ്ങളിൽ അഞ്ചുപേരും 500 രൂപ കൂലിയെടുക്കും. ലാഭനഷ്ടങ്ങൾ പങ്കിടും. മുതലമട പഞ്ചായത്തിൽ 13, കൊല്ലങ്കോട് പഞ്ചായത്തിൽ ഒന്ന് വീതം വീടുകളാണിവർ ഇതുവരെ പൂർത്തിയാക്കിയത്. മുതലമടയിലെ 12 വീടുകൾ പട്ടികവർഗ ഫണ്ട് ഉപയോഗിച്ചു പണിതപ്പോൾ, ഒരെണ്ണം ഉടമ നേരിട്ടു പണിയിച്ചതാണ്.

മുതലമട പഞ്ചായത്തിൽ 13 വീടുകളും കൊല്ലങ്കോട് പഞ്ചായത്തിൽ ഒരു വീടും ഇവരുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. 2016–17 വർഷത്തെ പട്ടികവർഗ ഫണ്ട് ഉപയോഗിച്ചാണു മുതലമട പഞ്ചായത്തിലെ 12 വീടുകൾ നിർമിച്ചത്. 420 മുതൽ 800 ചതുരശ്ര അടി വരെയുള്ള വീടുകളാണ് നിർമിച്ചു നൽകിയിട്ടുള്ളത്. കൊല്ലങ്കോട് പഞ്ചായത്തിൽ രണ്ടു വീടുകളുടെ വാർപ്പ് നടത്തി അടുത്ത ഘട്ടത്തിലെ പണി ആരംഭിക്കാനിരിക്കുകയാണ്. മറ്റൊന്നിന്റെ പണി തുടങ്ങിവച്ചു.മുതലമട പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ 5 വീടുകളുടെ കരാർ കൂട്ടായ്മ ഏറ്റെടുത്തിട്ടുണ്ട്. പട്ടഞ്ചേരി പഞ്ചായത്തിലെ പ്ലാച്ചിമട, മുതലമട പഞ്ചായത്തിലെ കള്ളിയമ്പാറ എന്നിവിടങ്ങളിൽ പഠനമുറികൾ കെട്ടി. കൊല്ലങ്കോട് പഞ്ചായത്തിൽ 3 തൊഴുത്ത്, ഒരു ശുചിമുറി എന്നിവ പൂർത്തിയാക്കി. പറമ്പിക്കുളം ആദിവാസി മേഖലയിൽ നിർമിക്കേണ്ട 19 വീടുകൾക്കായി പ്രദേശം സന്ദർശിച്ചു പ്രാഥമിക വിലയിരുത്തൽ നടത്തി 2 വീട് നിർമിക്കാനുള്ള കരാറായി. ബാക്കിയുള്ള 17 വീടുകളുടെ കരാർ ഉടൻ ഉണ്ടാകുമെന്നും ഇവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com