ADVERTISEMENT

പാലക്കാട് ∙ നഗരത്തിലെ രണ്ടു ബസ് സ്റ്റാൻഡുകളെയും ടൗൺ റെയിൽവേ സ്റ്റേഷനെയും പ്രധാന റോഡുകളെയും ബന്ധിപ്പിക്കുന്ന ശകുന്തള ജംക്‌ഷനിലെ എസ്കലേറ്റർ നിർമാണം 4 വർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. ടൗൺ ബസ് സ്റ്റാൻഡ്, മുനിസിപ്പൽ സ്റ്റാൻഡ്, ടൗൺ റെയിൽവേ സ്റ്റേഷൻ, ജിബി റോഡ്, മാർക്കറ്റ് റോഡ് എന്നിവ ബന്ധിപ്പിക്കാനാണു പാലക്കാട് നഗരസഭ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 2018 മാർച്ചിൽ 4 കോടി രൂപ ചെലവിൽ എസ്കലേറ്റർ നിർമാണം തുടങ്ങിയത്.

ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. വികസനം സ്വപ്നം കണ്ട് വ്യാപാരികളും കാൽനട യാത്രക്കാരും ഉൾപ്പെടെ പദ്ധതിയെ വരവേറ്റു. ഇവിടെയുള്ള നൂറിലേറെ വ്യാപാരികൾ ഒരു വർഷത്തേക്കു കച്ചവടം കുറഞ്ഞാലും കുഴപ്പമില്ലെന്നു ചിന്തിച്ചു. എല്ലാ നല്ല നാളേയ്ക്കായി.തുടക്കത്തിൽ പ്രവൃത്തികൾ വേഗത്തിൽ പുരോഗമിച്ചു. എസ്കലേറ്ററിന് അനുബന്ധിച്ചുള്ള മേൽപാലം 2020ൽ തന്നെ റെയിൽവേ പൂർത്തിയാക്കി നൽകി. പക്ഷേ നഗരസഭ ചെയ്യേണ്ട പ്രവൃത്തികൾ നിലച്ചു.

പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇടയ്ക്കിടെ ജോലിക്കാർ വന്നു എന്തെങ്കിലുമൊക്കെ ചെയ്യും. പദ്ധതി പൂർത്തിയാക്കണമെന്നാ  വശ്യപ്പെട്ടു രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യാപാരികളും ഉൾപ്പെടെ ഒട്ടേറെ സമരം ചെയ്തു. കച്ചവടം ഇല്ലാതായതോടെ 11 കടകൾ അടച്ചു പൂട്ടി. ചിലർ മറ്റിടത്തേക്കു മാറി. ചിലർ മറ്റു ജോലികൾ തേടി. ബാക്കിയുള്ളവർ പട്ടിണി അവസ്ഥയിലായി. എസ്കലേറ്ററിനായി ഒരുക്കിയ കുഴിയാകട്ടെ അപകട ഭീഷണിയിൽ. 

രാത്രി വെളിച്ചമില്ലാത്തതിനാൽ വാഹന, കാൽനട യാത്രക്കാർ കുഴിയിൽ വീണു പരുക്കേൽക്കുന്നതു പതിവായി. വഴി വിളക്കുകൾ പലതും കേടായതോടെ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്നും വ്യാപാരികൾ പറഞ്ഞു. നടപടി വൈകിയാൽ ശക്തമായ സമരം നടത്തുമെന്നു വ്യാപാരികൾ പറഞ്ഞു.  

പ്രിയ അജയൻ (പാലക്കാട് നഗരസഭ അധ്യക്ഷ)

മേൽപാലം നിർമിച്ച വകയിൽ 7 ലക്ഷത്തോളം രൂപ ജിഎസ്ടി അടയ്ക്കണമെന്നു കാണിച്ച് റെയിൽവേ നോട്ടിസ് നൽകിയിട്ടുണ്ട്. ഇതു നൽകാൻ കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ഉടൻ പണം കെട്ടിവയ്ക്കും. ശേഷം നിർമാണം പുനരാരംഭിക്കും. രണ്ടോ മൂന്നു മാസം കൊണ്ടു പൂർത്തിയാക്കും. 

കെ.ഭവദാസ് (നഗരസഭാംഗം)

നഗരസഭയുടെ അനാസ്ഥയാണ്. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ അംഗങ്ങൾ ഒട്ടേറെ പ്രതിഷേധം നടത്തി. എല്ലാ കൗൺസിൽ യോഗങ്ങളിലും വിഷയം ഉന്നയിച്ചു. ഒരു നഗരത്തിന്റെ വികസനത്തിനാണു ഭരണപക്ഷം തുരങ്കം വയ്ക്കുന്നത്.

വി.എച്ച്.അബ്ദുൽസലാം (കച്ചവടക്കാരൻ)

വലിയ സ്ഥാപനങ്ങളെല്ലാം മറ്റൊരിടത്തേക്കു മാറ്റി. പാവപ്പെട്ട ചെറുകിട വ്യാപാരികൾ ദുരിതത്തിലാണ്. 5 വർഷമായി കച്ചവടമില്ല. വഴി വിളക്കുകൾ കത്താത്തതിനാൽ ഇവിടെ സാമൂഹിക വിരുദ്ധരുടെ താവളമാണ്. സ്ത്രീകൾക്കു വഴി നടക്കാൻ കഴിയുന്നില്ല. കടകളിലെ ജോലി കഴിഞ്ഞു സ്ത്രീകൾ രാത്രിയിൽ മടങ്ങുന്നത് പേടിച്ചാണ്. പദ്ധതി പെട്ടെന്ന് പൂർത്തിയാക്കണം. എസ്കലേറ്ററിനും ചുറ്റും കെട്ടി മറയ്ക്കാതെ ഗ്ലാസ് ഇട്ടാൽ വ്യാപാരികൾക്കും കാൽനട യാത്രക്കാർക്കും ഗുണമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com