മുണ്ടൂർ ∙ നിയന്ത്രണംവിട്ട ലോറി ജംക്‌ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി 3 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ 5.30നാണ് അപകടം. മുണ്ടൂർ പൂതനൂർ പുനത്തിൽ പറമ്പ് അബ്ബാസ് (17), ഇയാളുടെ ബന്ധു സുഹൈൽ, മംഗലാംകുന്ന് കാട്ടുകുളം സ്വദേശി വിനോദ് (28) എന്നിവർക്കാണു പരുക്കേറ്റത്.
അബ്ബാസിനു കാലിനു ഗുരുതര പരുക്കേറ്റിട്ടുണ്ട്. മണ്ണാർക്കാട് ഭാഗത്തു നിന്നു വന്ന ലോറി ബസ് കാത്തിരിപ്പു കേന്ദ്രം, സമീപത്തെ 2 വൈദ്യുതിക്കാൽ, പെട്ടിക്കട, പാതയോരത്തു നിർത്തിയിരുന്ന ബൈക്കുകൾ എന്നിവ തകർത്ത് പഴയ സിനിമാ തിയറ്റർ സ്ഥിതി ചെയ്തിരുന്ന ഒഴിഞ്ഞ സ്ഥലത്തേക്ക് ഇടിച്ചുകയറി.

ബന്ധുവിനെ ബസ് കയറ്റുന്നതിനായി വന്നതായിരുന്നു പുനത്തിൽ പറമ്പിലെ യുവാക്കൾ. മഴ പെയ്തതിനാൽ തിരിച്ചു പോകാനാകാതെ ഇവർ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കുകയായിരുന്നു ഇതിനിടെയാണ് അപകടം. ലോറി ഡ്രൈവർ കരിമ്പ പനയമ്പാടം സ്വദേശി അക്ബർ അലിക്കെതിരെ കേസെടുക്കുമെന്ന് കോങ്ങാട് പൊലീസ് പറഞ്ഞു.
ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
മുണ്ടൂർ ∙ ജംക്‌ഷനിൽ നടന്ന അപകടത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ലോറി ബസ് കാത്തിരിപ്പു കേന്ദ്രം ഇടിച്ചുതകർത്തതിന്റെ 5 മിനിറ്റ് മുൻപാണ് ഇവിടെ നിന്ന് പത്തിലേറെ പേർ പാലക്കാട്ടേക്കുള്ള കെഎസ്‌ആർടിസി ബസിൽ കയറിപ്പോയത്. കണ്ണു ചിമ്മി തുറക്കുന്ന വേഗത്തിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഒരു കൂന കല്ലും മണ്ണും മാത്രമായി മാറി.
വൈദ്യുതിക്കാൽ തകർന്നതിനാൽ വൈദ്യുതി വിതരണം നിലച്ചു. ചാറ്റൽ മഴയ്ക്കു പിന്നാലെ എത്തിയ അപകടം ആശങ്ക ഉയർത്തി. സംഭവ സ്ഥലത്തെത്തിയ കോങ്ങാട് പൊലീസ് കൂടുതൽ പേർ അപകടത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു. അതേസമയം, ദേശീയപാത നവീകരിച്ചെങ്കിലും ഇവിടത്തെ വീതികുറവ് അപകടത്തിനു വഴിവയ്ക്കും.