ADVERTISEMENT

പാലക്കാട് ∙ ഒന്നാംവിള നെല്ലെടുപ്പിലെയും വില വിതരണത്തിലെയും പാകപ്പിഴയ്ക്കു പിന്നാലെ രണ്ടാംവിള നെല്ലു സംഭരണത്തിലും തുടക്കത്തിൽ തന്നെ വീഴ്ച. ഇതിനെതിരെ കർഷകരോഷം ശക്തമാണ്. ജില്ലയിൽ രണ്ടാംവിള നെല്ലു സംഭരണം ഇനിയും കാര്യക്ഷമമായിട്ടില്ല. വേനൽമഴ ഭീഷണിയിലും 50% കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നിന്നു മാത്രമേ നെല്ലെടുക്കൂ എന്ന നിബന്ധനയിൽ പലയിടത്തും സംഭരണം വൈകുകയാണ്. 

ജലസേചനം നീണ്ട് യന്ത്രം ഇറക്കാനാകാതെ കൊയ്ത്തു വൈകിയ പാടങ്ങളിലെ നെല്ലു കൊഴിച്ചിലും കൃഷിക്കാരുടെ നഷ്ടം വർധിപ്പിക്കുന്നു. ഇത്തരം പാടങ്ങളിൽ ചാറ്റൽ മഴ പെയ്താൽ പോലും അതിശക്തമായ നെല്ലു കൊഴിച്ചിൽ ഉണ്ടാകും. നെല്ലെടുപ്പിലെ പാകപ്പിഴകളിൽ സർക്കാരിന്റെയും സപ്ലൈകോയുടെയും ഉദ്യോഗസ്ഥരുടെയും നിലപാടുകൾക്കെതിരെ കർഷകർ രോഷത്തിലാണ്. 

വേനൽമഴ ശക്തമാകുന്നതിനു മുൻപ് കൊയ്തെടുത്ത നെല്ലു സംഭരിക്കണമെന്നു കർഷകർ ആവശ്യപ്പെടുമ്പോഴും 50% കൊയ്ത്തു കഴിയണമെന്ന നിബന്ധനയിൽ വിട്ടുവീഴ്ച ഉണ്ടാകുന്നില്ല. മലമ്പുഴ പഞ്ചായത്തിലെ ആറങ്ങോട്ടുകുളമ്പ്, പന്നിമട പ്രദേശങ്ങളിൽ കാട്ടാനകളെ പേടിച്ചു നെല്ലു വീട്ടിൽ പോലും സൂക്ഷിക്കാനാകാത്ത സ്ഥിതിയിലാണ്. 

വില വിതരണം ‘വട്ടപ്പൂജ്യം’  

∙ ദിവസങ്ങൾക്കുള്ളിൽ ജില്ലയിൽ കൊയ്ത്തു പൂർണതോതിലാകും. ഇതിനനുസരിച്ചു നെല്ലു സംഭരണം ഊർജിതപ്പെടുത്താൻ സപ്ലൈകോ ശ്രമിക്കുന്നുണ്ടെങ്കിലും നടപടികൾ പൂർത്തിയാക്കാനുണ്ട്. 

∙ രണ്ടാംവിളയിൽ ജില്ലയിൽ നിന്ന് 1835 കൃഷിക്കാരിൽ നിന്നായി 4,175 മെട്രിക് ടൺ നെല്ലു സംഭരിച്ചെന്നാണ് സപ്ലൈകോയുടെ റിപ്പോർട്ട്. യഥാർഥത്തിൽ ഇതിൽക്കൂടുതൽ നെല്ലെടുത്തിട്ടുണ്ട്. ഇതു കണക്കിൽ വരുന്നതുതേ ഉള്ളൂ. ഇതുവരെ സംഭരിച്ച നെല്ലിന്റെ വിലയായി 10.5 കോടി രൂപ കർഷകർക്കു നൽകാനുണ്ട്. 

∙ രണ്ടാവിള നെല്ലെടുപ്പിൽ ഇതുവരെ വില വിതരണത്തിൽ ഒരു തീരുമാനവും ധാരണയും ഉണ്ടായിട്ടില്ല ∙ കഴിഞ്ഞ ഒന്നാംവിളയിൽ നെല്ലെടുത്ത വകയിൽ ജില്ലയിൽ ഇനിയും 70 ലക്ഷം രൂപ നൽകാൻ ബാക്കിയാണ്.

ഉത്തരവ് എത്തണം

∙ ജില്ലയിൽ രണ്ടാംവിളയിൽ പലയിടത്തും ഉൽപാദന വർധന ഉണ്ട്. കെ.ഡി.പ്രസേനൻ എംഎൽഎ ഇക്കാര്യം നിയമസഭയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. നെല്ലു സംഭരണ പരിധി ഏക്കറിന് 2200 കിലോയിൽ നിന്ന് 2500 കിലോയാക്കുന്നതു പരിശോധിക്കാമെന്നു മന്ത്രി മറുപടിയും നൽകിയിരുന്നു. ഇതിന് ഉത്തരവ് എത്തേണ്ടതുണ്ട്. ഉത്തരവു വൈകുന്നത് അധിക നെല്ലെടുപ്പിനെ ബാധിക്കും. 

∙ ഉൽപാദന വർധന പരിശോധിക്കാൻ ക്രോപ് കട്ടിങ്ങിനായി കർഷകർ കൃഷി വകുപ്പിൽ അപേക്ഷ നൽകിയെങ്കിലും അത് മുകളിലേക്ക് അയച്ചിട്ടുണ്ടെന്നു പറഞ്ഞു കയ്യൊഴിയുന്ന സമീപനമാണ് ഉണ്ടായത്. 

∙ കൃഷി വകുപ്പിന്റെ ഇത്തരം സമീപനങ്ങളിൽ കർഷകർ പ്രതിഷേധത്തിലാണ്.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വേനൽമഴ തുടരും

പാലക്കാട് ∙ കനത്ത ചൂടിന് നേരിയ ആശ്വാസമായി എത്തിയ വേനൽമഴ ഇന്നു മുതൽ കുറയുമെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 26 വരെ തുടരും. പാലക്കാട് കഴിഞ്ഞ വർഷം ഈ സമയം ലഭിച്ചതിനേക്കാ‍ൾ കൂടുതൽ മഴ ഇത്തവണ ലഭിച്ചുവെന്നാണു കണക്ക്.മധ്യകേരളത്തിലായിരിക്കും വരും ദിവസങ്ങളിൽ കൂടുതൽ മഴ കിട്ടുകയെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

ചൂട് കൂടുതൽ അനുഭവപ്പെടുന്നതും കാറ്റിന്റെ ഗതിയുമാണ് ഇതിനു കാരണം. വാളയാർ ചുരം വഴിയെത്തുന്ന കാറ്റിന്റെ ഉഷ്ണം ഈ മാസം അവസാനത്തേ‍ാടെ വർധിക്കാനാണു സാധ്യത. ആകാശം തെളിയുന്നതേ‍ാടെ അടുത്ത ദിവസങ്ങളിൽ സൂര്യനിൽ നിന്നു പതിക്കുന്ന അൾട്രാവയലറ്റ് രശ്മികളുടെ തീവ്രതയും കൂടും.

ഈ മാസം ആദ്യം 45 ഡിഗ്രി വരെ ഉഷ്ണം അനുഭവപ്പെട്ടെങ്കിലും ഇപ്പേ‍ാൾ ശരാശരി 37 ഡിഗ്രിയായി കുറഞ്ഞു. കേ‍ാട്ടയത്തെ വടവാതൂരിലാണ് കഴിഞ്ഞ ദിവസം കൂടിയ താപനില രേഖപ്പെടുത്തിയത്– 38.2 ഡിഗ്രി. മഴ കുറയുന്നതേ‍ാടെ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിലെ ആർദ്രത ഉയരാനാണു സാധ്യത.

അതേ‍ാടെ, ഉഷ്ണം 42 ഡിഗ്രിക്കു മുകളിലെത്തിയേക്കും. അൾട്രാവയലറ്റ് രശ്മികളുടെ അളവ് 13 ഇൻഡക്സ് ആകാനാണു സാധ്യത. സാധാരണ സംസ്ഥാനത്ത് ഈ സമയത്തു ലഭിക്കുന്ന വേനൽമഴയിൽ 48% കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. വയനാട്ടിൽ 43%, പത്തനംതിട്ടയിൽ‌ 28% എന്ന തോതിൽ മഴ കൂടുതൽ കിട്ടിയപ്പേ‍ാൾ കണ്ണൂർ, കാസർകേ‍ാട് മേഖലയിൽ കാര്യമായി മഴ ലഭിച്ചില്ല. അതേസമയം ഈ ജില്ലകളിൽ കാലാവസ്ഥാ സ്റ്റേഷനുകളില്ലാത്ത സ്ഥലങ്ങളിൽ മഴ ലഭിച്ചതായാണു റിപ്പേ‍ാർട്ടുകൾ.

ഇടുക്കിയിൽ നേരിയ മഴയാണു പെയ്തത്. കർണാടക, തമിഴ്നാട്, ആന്ധ്ര മേഖലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ ഇത്തവണ ഇതുവരെ ഉഷ്ണം കാര്യമായി വർധിച്ചിട്ടില്ലെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com