ADVERTISEMENT

തിരുവേഗപ്പുറ ∙ റബറൈസ് ചെയ്ത റോഡില്‍ പണി പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം കുഴികള്‍. ഉദ്ഘാടനത്തിനു മന്ത്രി എത്തും മുന്‍പെ തല്‍ക്കാലികമായി കുഴികള്‍ അടച്ചു അധികൃതര്‍. കൈപ്പുറം - വിളത്തൂർ – ചെമ്പ്ര റോഡ് ഉദ്ഘാടനത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പാണ് നാടകീയ രംഗങ്ങള്‍. കൈപ്പുറത്ത് നിന്ന് ഒരു കിലോമീറ്റർ ദൂരത്തിനിടയില്‍ വിളത്തൂര്‍ നിലയംകോട് പാടം ഭാഗത്താണ് റോഡില്‍  കുഴികള്‍ രൂപപ്പെട്ടത്.

റോഡ് പണി കഴിഞ്ഞു ദിവസങ്ങള്‍ക്കകം പാടം ഭാഗത്തെ രണ്ടു ഓവുപാലങ്ങള്‍ക്കടുത്ത് കണ്ട ഭീമന്‍ കുഴികള്‍ നികത്തണമെന്ന് മരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ കുഴികള്‍ അടയ്ക്കാന്‍ തയാറായില്ല. ഒടുവില്‍ റോഡ് ഉദ്ഘാടനത്തിനു എത്തുന്ന മന്ത്രി പി.മുഹമ്മദ്റിയാസിന് പരാതി നല്‍കുമെന്ന് നാട്ടുകാര്‍ അറിയിച്ചതോടെയാണ് കുഴികള്‍ താല്‍ക്കാലികമായി നികത്തുന്നത്.

നിലയംകോട് പാടത്തെ രണ്ടു ഓവുപാലങ്ങളിലൊന്ന് റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുക്കി പണിതതാണ്. രണ്ടു പാലങ്ങളുടെയും ഇരുവശങ്ങളിലുമാണ് മുട്ടോളം ആഴത്തില്‍ കുഴികള്‍ രൂപപ്പെട്ടത്. ഓവുപാലം പണിതപ്പോള്‍ തോടിനോളം താഴ്ചയുള്ള ഭാഗത്ത് മണ്ണും കല്ലും കോണ്‍ക്രീറ്റ് മിശ്രിതവും കുറഞ്ഞതാണ് കുഴി രൂപപ്പെടാന്‍ കാരണം.

പലതവണ മരാത്ത് വകുപ്പിനോട് പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോൾ ചെയ്തത് കൂടുതല്‍ അപകടകരമാണെന്നും ശാശ്വതമായ പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൈപ്പുറം - വിളത്തൂര്‍ - ചെമ്പ്ര റോ‍ഡ് നാലര കോടി രൂപ ചെലവിട്ടാണ് റബറൈസ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com