ഒറ്റപ്പാലം ∙ ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് പാലക്കാട്ടുകാരൻ പി.ഗോപാലന്റെ കൈക്കരുത്തറിഞ്ഞവർ പലരുമുണ്ട്. സത്യനും പ്രേംനസീറും ജയനും രജനീകാന്തും മോഹൻലാലും ഉൾപ്പെടെയുള്ള പ്രമുഖർ. തല്ലല്ല, ഉഴിച്ചിൽ വിദ്യയുടെ തലോടലാണത്. സംഘട്ടനങ്ങളും നൃത്തങ്ങളുമൊക്കെ കഴിഞ്ഞു ക്ഷീണിതരാകുന്ന അഭിനേതാക്കൾക്ക് ആശ്വാസം പകരുന്ന ബോഡി മസാജിങ്. സിനിമാ ലോകത്തെ ചുറ്റിപ്പറ്റി ജീവിച്ച ഗോപാലനു പറഞ്ഞുതീർക്കാൻ കഴിയാത്തത്ര അനുഭവങ്ങളും ഓർമകളുമുണ്ട്. ലളിത- പത്മിനി- രാഗിണി സഹോദരിമാരുടെ വീട്ടിലൊക്കെ അനുവാദം കൂടാതെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അവരുടെ സഹോദരപുത്രിയായ ശോഭനയെ കുഞ്ഞുപ്രായത്തിൽ തോളിലെടുത്തു നടന്നിരുന്ന ഓർമകൾ പറയുമ്പോൾ വാക്കുകളിൽ വാത്സല്യം തുളുമ്പും. പിൽക്കാലത്ത് പ്രശസ്തയായ നടിയും നർത്തകിയുമായ ശോഭന തന്നെയാണ് ഗോപാലൻ തോളിലെടുത്തു നടന്നിരുന്ന കുഞ്ഞ്.
ബോഡി മസാജർ മാത്രമായിരുന്നില്ല. മേക്കപ് ആർട്ടിസ്റ്റ്, നടൻ, സഹായി എന്നിങ്ങനെ ജീവിതത്തിൽ പല വേഷങ്ങളും കെട്ടിയിട്ടുണ്ട് ഗോപാലൻ. പഴയ വടക്കൻപാട്ടു സിനിമകൾ മുതൽ സമീപകാലം വരെ ഒട്ടേറെ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. പക്ഷേ, നടൻ എന്ന നിലയിൽ ഗോപാലനെ തിരിച്ചറിഞ്ഞ പ്രേക്ഷകർ ചുരുക്കം. ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളുടെ പേരുകൾ ചോദിച്ചാൽ ‘പേരൊക്കെ ആരു ചോദിക്കുന്നു? അഭിനയിക്കും, പോരും, അത്രതന്നെ’ എന്നായിരിക്കും ഗോപാലന്റെ പ്രതികരണം.
1964ൽ നടൻ സത്യന്റെ കൈപിടിച്ചാണു ഗോപാലൻ സിനിമാ ലോകത്തെത്തിയത്. പാലക്കാട്ട് ‘തൊമ്മന്റെ മക്കൾ’ എന്ന സിനിമയുടെ ഷൂട്ടിങ്. പാലക്കാട് മിഷൻ സ്കൂളിൽ പഠിച്ചിരുന്ന ഗോപാലൻ ക്ലാസിൽ കയറാതെ ഷൂട്ടിങ് കാണാൻ പോയതാണ്. 14 വയസ്സുകാരന്റെ സിനിമാ കമ്പം സത്യനെ തൊടണമെന്നു മോഹിച്ചു. ആൾക്കൂട്ടത്തിനിടയിൽ ശങ്കിച്ചു ശങ്കിച്ച് നിൽക്കെ രണ്ടും കൽപിച്ച്, ഷൂട്ടിങ്ങിന്റെ ഇടവേളയിൽ അദ്ദേഹത്തിന്റെ കാലിൽ തൊട്ടു.
സത്യൻ ഗോപാലനെ അരികിൽ ചേർത്തുനിർത്തി കുടുംബ വിവരങ്ങൾ ചോദിച്ചു. ഗോപാലൻ പറഞ്ഞു: ‘അച്ഛൻ മരിച്ചു, അമ്മ മാത്രമേയുള്ളൂ’. സത്യൻ ചോദിച്ചു: ‘എന്റെ കൂടെ പോരുന്നോ?’– ഗോപാലൻ സങ്കടത്തോടെ പറഞ്ഞു: ‘ഞാൻ വന്നാൽ അമ്മ ഒറ്റയ്ക്കാവും’. എന്നാൽ അമ്മയെയും കൂട്ടാമെന്നായി സത്യൻ. ഗോപാലനെ മദ്രാസിലെ വീട്ടിലേക്കും അമ്മയെ സത്യന്റെ തിരുവനന്തപുരം മണക്കാട്ടെ വീട്ടിലേക്കും കൊണ്ടുപോയി. സത്യൻ മരിക്കുന്നതുവരെ സഹായിയായി ഗോപാലൻ കൂടെയുണ്ടായിരുന്നു. ഇതിനിടെ, അക്കാലത്തെ പ്രമുഖ മേക്കപ് ആർട്ടിസ്റ്റായിരുന്ന എം.ഒ.ദേവസ്യയുടെ ശിക്ഷണത്തിൽ ചമയം പഠിച്ചു.
സിനിമാ രംഗത്തെ പ്രമുഖരുടെ പ്രിയപ്പെട്ട ഗോപാലനു പ്രേക്ഷകരുടെ പ്രിയ താരമാകാൻ കഴിയാതെ പോയതിൽ നിരാശയൊന്നുമില്ല. സിനിമയുടെ ഓരംചേർന്നു ജീവിച്ചകാലം കൊണ്ടു നേടിയതാണു പാലക്കാട് വടക്കന്തറയിലെയും ചെന്നൈ വടവള്ളിയിലെയും വീടുകൾ. പാലക്കാട് കഴിഞ്ഞാൽ ഒറ്റപ്പാലമാണു ഗോപാലന്റെ പ്രധാന കേന്ദ്രം. പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും, ഗോപാലൻ ഇടയ്ക്ക് ഒറ്റപ്പാലത്തെത്തും. ഒറ്റപ്പാലത്തെ കയറാട്ട് തറവാട്ടിലെ കാര്യസ്ഥന്റെ വേഷം വെള്ളിത്തിരയിൽ മിന്നിമറഞ്ഞു പോകുന്നതല്ല.