പാലക്കാട് ∙ ചക്കാന്തറ–മേഴ്സി കോളജ് റോഡിൽ വെങ്കിടേശ്വരപുരം കോളനിയിൽ ജലവിതരണ പൈപ്പ് ലൈനിൽ വൻ ചോർച്ച. വെള്ളം പുറത്തേക്കു കുതിച്ചൊഴുകി റോഡ് തകർന്നു. മൂത്താന്തറ ടാങ്കിൽനിന്നു വെണ്ണക്കര മേഖലയിലേക്കു പുതുതായി സ്ഥാപിച്ച പൈപ്പ് ലൈനിൽ പരീക്ഷണ പമ്പിങ്ങിനിടെയാണു ചോർച്ച. വെള്ളം ആൾപ്പൊക്കത്തിൽ പുറത്തേക്കു കുതിച്ചതോടെ യാത്രക്കാരും പരിസരവാസികളും പരിഭ്രാന്തിയിലായി. കൗൺസിലർമാരായ പ്രഭാ മോഹനൻ, മിനി ബാബു എന്നിവർ സ്ഥലത്തെത്തി ജല അതോറിറ്റിയെ വിവരം അറിയിച്ചു. പൈപ്പ് വഴിയുള്ള ജലവിതരണം വാൽവ് അടച്ചു നിയന്ത്രിച്ചു.
പുതിയ പൈപ്പ് ലൈനിലെ ചോർച്ച ജല അതോറിറ്റിയും പ്രത്യേകം പരിശോധിക്കുന്നുണ്ട്.വെണ്ണക്കരയിലെയും പരിസര പ്രദേശങ്ങളിലെയും ശുദ്ധജലക്ഷാമം പരിഹരിക്കാൻ സ്ഥാപിച്ച 400 എംഎം ഡക്റ്റൈൽ അയൺ പൈപ്പിലാണു ചോർച്ച. രണ്ടു പൈപ്പുകൾ യോജിപ്പിച്ച ഭാഗത്തു ചോർച്ചയെന്നാണു പ്രാഥമിക നിഗമനം. അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തു പഴയ പൈപ്പ് ലൈൻ വഴി ജല വിതരണം തുടരുന്നതിനാൽ ചോർച്ച വീടുകളിലേക്കുള്ള ശുദ്ധജല ലഭ്യതയെ ബാധിച്ചിട്ടില്ല. തകരാർ പരിഹരിച്ചു പരീക്ഷണ പമ്പിങ് തുടരുമെന്നു ജലഅതോറിറ്റി അറിയിച്ചു.