ADVERTISEMENT

വാളയാർ ∙ ദേശീയപാത കേന്ദ്രീകരിച്ചു നടന്നിട്ടുള്ള കവർച്ചയിൽ, ആലപ്പുഴ എടത്വ കള്ളനോട്ടു കേസിലെ പ്രതികൾക്കുള്ള പങ്ക് കണ്ടെത്താൻ പൊലീസിന്റെ പ്രത്യേക അന്വേഷണം. ഇതിന്റെ ഭാഗമായി ആലപ്പുഴ പൊലീസ് കോടതിയിൽ ഹാജരാക്കിയ അവലോകുന്ന് കോമളപുരം കണ്ടത്തിൽ വീട്ടിൽ ആർ.ഗോകുൽരാജ്, സക്കിരിയ ബസാർ ഷിഫാസ് മൻസിലിൽ ഷിഫാസ് എന്നിവരെ ചോദ്യം ചെയ്യലിനായി വാളയാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. റിമാൻഡിലുള്ള പ്രതികളെ 4 ദിവസത്തേക്കാണു കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞ ദിവസം ശ്രീജിത്തിനെയും ശ്രീകുമാറിനെയും കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായാലേ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 8നു കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനിൽ കുഴൽപ്പണ കടത്തുസംഘമെന്നു തെറ്റിദ്ധരിച്ചു യാത്രക്കാരെ ആക്രമിച്ചു മിനിലോറി തട്ടിയെടുത്ത കേസിൽ ആദ്യം പിടിയിലായവരാണു ഗോകുൽരാജും ഷിഫാസും. കവർച്ച കേസിലെ മുഖ്യ പ്രതികളായ തൃശൂർ വരന്തരപ്പിള്ളി സ്വദേശി ശ്രീജിത്തിന്റെയും ശ്രീകുമാറിന്റെയും സുഹൃത്തുക്കളായ ഇവരും കൂടി ചേർന്നാണു കഞ്ചിക്കോട്ടെ കവർച്ച ആസൂത്രണം ചെയ്തതെന്നു പൊലീസ് പറയുന്നു. അതിനാലാണ് 4 പേരെ ആദ്യം കസ്റ്റഡിയിൽ വാങ്ങിയത്.

കുഴൽപണം–സ്വർണക്കടത്തു സംഘത്തെ ആക്രമിച്ചു കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നും ദേശീയപാത കേന്ദ്രീകരിച്ചു നടന്ന മറ്റു കവർച്ചകളിൽ ഇവർ പങ്കാളികളായിട്ടുണ്ടെന്നും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വർഷങ്ങളായി ഈ സംഘം കോയമ്പത്തൂർ കേന്ദ്രീകരിച്ചാണുള്ളത്. കേസിൽ കൂടുതൽ പ്രതികളെ കുറിച്ചു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇവരും കള്ളനോട്ടു കേസിൽ നേരിട്ട് ഉൾപ്പെട്ടവരാണെന്നും സംശയിക്കുന്നുണ്ട് വാളയാർ ഇൻസ്പെക്ടർ എ.അജീഷ്, എസ്ഐ എച്ച്.ഹർഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു  കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com