പാലക്കാട് ∙ കഥാകൃത്തും വിവർത്തകനുമായ എസ്.ജയേഷ്(39) അന്തരിച്ചു. പനി ബാധിച്ചു തലകറങ്ങി വീണു പരുക്കേറ്റതിനെത്തുടർന്ന് ഒന്നര മാസമായി ചികിത്സയിലായിരുന്നു. ചികിത്സയ്ക്കു സുഹൃത്തുക്കൾ പണം സമാഹരിക്കുന്നതിനിടെയാണു മരണം. തേങ്കുറിശ്ശി വിളയന്നൂർ പാട്ടാളികളം വീട്ടിൽ വി.വി.ശങ്കരന്റെയും വിശാലാക്ഷിയുടെയും മകനാണ്. സംസ്കാരം ഇന്ന് 12നു വിളയന്നൂർ മാഹാളിക്കുടം വാതക ശ്മശാനത്തിൽ നടക്കും. കംപ്യൂട്ടർ എൻജിനീയറായ ജയേഷ് ബ്ലോഗ് എഴുത്തിലൂടെയാണു ശ്രദ്ധിക്കപ്പെട്ടത്. ചൊറ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി, ബോൾട്ട് എന്നിവയാണു പ്രധാന കൃതികൾ. ഭാഷയുടെ പുതുമയും ആരും പരീക്ഷിക്കാത്ത വിഷയങ്ങളുമായിരുന്നു എഴുത്തിന്റെ പ്രത്യേകത. പെരുമാൾ മുരുകൻ, ചാരു നിവേദിത എന്നിവരുടെ രചനകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്തു.
പാലക്കാട് ∙ താൻ മരിക്കുമ്പോൾ വിലാപവും ശവമഞ്ചവും പൂക്കളും വേണ്ടെന്നു കവിതയിലൂടെ ഓർമപ്പെടുത്തിയ ജയേഷ് യാത്രയായി. കഥയെഴുത്തിന്റെയും വിവർത്തനത്തിന്റെയും ലോകത്തു വിസ്മയം തീർക്കുന്നതിനിടെ എപ്പോഴൊക്കെയോ എസ്.ജയേഷിന്റെ ചിന്തകളിൽ കവിതകളായും ചില വാക്കുകൾ പിറന്നു. ‘മരണശേഷം എന്നെ കൊണ്ടുപോകുമ്പോൾ’ എന്ന കവിതയിലെഴുതിയത് ‘വെള്ളിയാഴ്ച കൊണ്ടുപോകരുത്, രണ്ടു ദുഃഖവെള്ളികൾ എന്തിനാണ് ?’ എന്നാണ്. വെള്ളിക്കു മുൻപേ മടങ്ങുമ്പോൾ ഒരു ദിനത്തിലുമൊതുക്കാനാവാത്ത ദുഃഖം ഉറ്റവർക്കു ബാക്കിയായി. കനമുള്ള ഭാഷയ്ക്കു പകരം ലളിത ഭാഷയോടായിരുന്നു പ്രിയം. കഥകളിൽ പലപ്പോഴും വിഷാദം തളംകെട്ടി. പ്രണയം കവിഞ്ഞൊഴുകി. പരാജിതരെ പരാജിതരായിത്തന്നെ അവതരിപ്പിച്ചു.
പരാജയത്തിൽ നിന്നു ജയിച്ചു വരുന്നവരെ സൂപ്പർ ഹീറോകളാക്കി മാറ്റി കഥയിൽ കൃത്രിമത്വം കാണിക്കാൻ ശ്രമിച്ചില്ല. ചൊറ, ക്ല, പരാജിതരുടെ രാത്രി തുടങ്ങിയ കഥകളെല്ലാം വായനക്കാരനു സ്വാനുഭവങ്ങളോടു ചേർത്തു സംവദിക്കാവുന്ന അവസരങ്ങളൊരുക്കി. വിവർത്തനമായിരുന്നു ജയേഷിന്റെ ഇഷ്ടമേഖല. തമിഴ്നാട്ടിലെ ജോലിയും ജീവിതവും തമിഴിനോടുള്ള ഇഷ്ടം കൂട്ടി. പെരുമാൾ മുരുകൻ, ചാരു നിവേദിത തുടങ്ങിയവരുടെ കൃതികൾ ജയേഷിന്റെ മൊഴിമാറ്റത്തിലൂടെ മലയാളികൾ വായിച്ചു. ഹൈദരാബാദിലും ചെന്നൈയിലും കണ്ടന്റ് റൈറ്ററായിരുന്ന ജയേഷിന്റെ കഥകളിൽ അന്നു പരിചയപ്പെട്ട വ്യത്യസ്ത നാട്ടുകാരുടെ ജീവിതം നിഴലിച്ചു. നിരാശ, വിഷാദം, ഒറ്റപ്പെടൽ തുടങ്ങിയ അവസ്ഥയിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളെയാണ് ഏറെയും സൃഷ്ടിച്ചത്.