മുണ്ടൂർ ∙ ആർത്തിരമ്പിയെത്തിയ ദേശവേലകൾ കമനീയ കാഴ്ചയുടെ ചെപ്പ് തുറന്നപ്പോൾ ആസ്വാദകർ ആനന്ദത്തിലാറാടി. പാലക്കീഴ് ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി നാട് ഏറ്റെടുത്തതോടെ പകരംവയ്ക്കാൻ ഇല്ലാത്ത ഉത്സവാവേശം അലയടിച്ചു.
പുലർച്ചെ മുതൽ നാട് കുമ്മാട്ടി തിരക്കിലമർന്നു. വഴിയായ വഴിയെല്ലാം പാലക്കീഴ് അമ്മയുടെ തിരു സന്നിധിയിലേക്കായിരുന്നു. തട്ടകം കാക്കുന്ന പരദേവതയെ തൊഴുതു പുണ്യം നേടാൻ വലിയ തിരക്കനുഭവപ്പെട്ടു. മീനമാസത്തിലെ കറുത്ത വാവും ചൊവ്വാഴ്ചയും കഴിഞ്ഞു വരുന്ന വ്യാഴായ്ചയാണ് ഇവിടുത്തെ കുമ്മാട്ടി ആഘോഷം.
കനത്ത വെയിൽ കൂസാതെ നായാടി വേഷങ്ങൾ, പല വേഷങ്ങൾ എന്നിവ കൊട്ടുപാട്ടുമായി രാവിലെ മുതൽ തട്ടകത്തിൽ സജീവമായി. ക്ഷേത്രത്തിൽ പാലക്കീഴ് ഈസ്റ്റ് വേല കമ്മിറ്റിയുടെ കാഴ്ചശീവേലിയിൽ കല്ലൂർ ഉണ്ണിക്കൃഷ്ണൻ പഞ്ചാരിമേളം അവതരിപ്പിച്ചു. കപ്ലിപാറ ദേശം ഒരുക്കിയ കാഴ്ചശീവേലിക്കു ഗുരുവായൂർ ദേവസ്വത്തിലെ 5 ഗജവീരന്മാർ അണിനിരന്നു. കിഴക്കൂട്ട് അനിയൻ മാരാർ നയിച്ച പഞ്ചാരിമേളം ഹരംപകർന്നു.
വൈകിട്ട് ദേശക്കൂട്ടായ്മയിൽ ഒരുങ്ങിയ പ്രാദേശിക വേലകൾ അതതു ദേശത്തു നിന്നു ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. നാടിനെ നിറമണിയിച്ചെത്തിയ വേല വരവിൽ ആവേശക്കടലായി വീഥികൾ മാറി.
സന്ധ്യയോടെ മുണ്ടൂരിൽ കാലു കുത്താൻ ഇടം ലഭിക്കാത്ത തിരക്കനുഭവപ്പെട്ടു. ആയിരങ്ങൾ വേലച്ചന്തത്തിനു സാക്ഷ്യം വഹിക്കാൻ എത്തി. ഭക്തിയും ആഘോഷവും സമന്വയിക്കുന്ന ഉത്സവം ഹർഷാരവത്തോടെ ജനം ചേർത്തുവച്ചു. ഐതിഹ്യസ്മരണ ഉണർത്തുന്ന നൊച്ചിമുടി ഉത്സവത്തിലെ പ്രധാന ചടങ്ങാണ്.
നൊച്ചിമുടി ചാട്ടത്തിനായി കിഴക്കുമുറിദേശം വെളിച്ചപ്പാടുമൊത്ത് കാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് പടിഞ്ഞാറ്റുമുറി ഒടുവങ്ങാട് വിക്രമുണ്ഡേശ്വരം, ശ്രീകുറുംബ, കയറൻ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. തുടർന്ന് കുമ്മാട്ടി പാറയിലും, മൂന്നു ദേശ വേലകളും മുടി സംഘങ്ങളും ഒന്നിച്ച് നൊച്ചിമുടി കണ്ടത്തിലും എത്തി. തുടർന്ന് നൊച്ചിപ്പുള്ളി ദേശത്തെ മുടി സംഘത്തെയും കൂട്ടി ക്ഷേത്രത്തിൽ എത്തി. പാനയിലെ എട്ടാമത്തെ ചാട്ടത്തോടെ ക്ഷേത്ര പ്രദക്ഷിണം നടത്തി. പുലർച്ചെ പടിഞ്ഞാറ്റുമുറി ദേശത്തിന്റെ കമ്പം കത്തിക്കലോടെ ഉത്സവം സമാപിച്ചു.