ADVERTISEMENT

വാളയാർ ∙ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വ്യവസായ മേഖല ഉൾപ്പെടുന്ന ക‍ഞ്ചിക്കോട്ടെ റെയിൽവേ സ്റ്റേഷനിൽ നിന്നുയരുന്നത് അവഗണനയുടെ ചൂളം വിളി. വ്യവസായ മേഖലയിലെ ജീവനക്കാരും തമിഴ്നാട്ടിലേക്കു പോവുന്ന വിദ്യാർഥികളും ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നത്. മികച്ച വരുമാനം നേടുന്ന ചെറുകിട സ്റ്റേഷനുകളിലൊന്നായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് ആരോപണം. നികുതി വരുമാനത്തിൽ സംസ്ഥാനത്തെ ഒന്നാമതുള്ള കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഏക റെയിൽവേ സ്റ്റേഷനാണ് ഈ പരിതാപകരമായ അവസ്ഥ. കോയമ്പത്തൂരിലേക്കു സ്ഥിരമായി ജോലിക്കു പോവുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികൾ ആശ്രയിക്കുന്നതും കഞ്ചിക്കോട് സ്റ്റേഷനെയാണ്. 

സ്റ്റേഷനിലെത്തുന്ന യാത്രക്കാർ വെയിലും മഴയും കൊണ്ട് വേണം ട്രെയിനിനായി കാത്തിരിക്കാൻ. ടിക്കറ്റ് കൗണ്ടറിനോടു ചേർന്ന് പ്ലാറ്റ്ഫോമിലെ ഒരിടത്തു മാത്രമാണു മേൽക്കൂരയുള്ളത്. പ്ലാറ്റ്ഫോമുകൾക്ക് മേൽക്കൂര വേണമെന്നതു യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ്. സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായി സിസിടിവി ക്യാമറകൾ പോലും സ്ഥാപിച്ചിട്ടില്ല. പൈപ്പുകൾ ഉണ്ടെങ്കിലും പലപ്പോഴും ശുദ്ധജലമില്ല. ശുചിമുറികളുണ്ടെങ്കിലും തുറന്നുകൊടുക്കാറില്ല. വനയോര മേഖലയോടു ചേർന്നാണു സ്റ്റേഷനുള്ളത്. അതിനാൽ കുരുങ്ങുകളുടെയും മറ്റു വന്യജീവികളുടെ ശല്യവും യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. ദേശീയപാതയിൽ നിന്നു സ്റ്റേഷനിലേക്കു പോവുന്ന റോഡ് ഇരുട്ടിലാണ്. സാമൂഹിക വിരുദ്ധരുടെ താവളം കൂടിയായതിനാൽ രാത്രിയാത്ര സാധ്യമല്ല വനിതാ ജീവനക്കാരെ ഇതു ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പുണ്ടെങ്കിലും സമയം പരിമിതമാണെന്നാണ് പരാതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com