ADVERTISEMENT

പാലക്കാട് ∙ സംസ്ഥാനത്ത് ഓൺലൈൻ വഴിയുള്ള അനധികൃത പടക്കവിൽപന തടയുന്നതിന്റെ ഭാഗമായി പൊലീസ് ശിവകാശിയിലെ 6 മൊത്തവിതരണ സ്ഥാപനങ്ങൾക്കു നോട്ടിസ് അയച്ചു. വെബ്സൈറ്റിൽ പണമടച്ച് ഓർഡർ ചെയ്താൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിലാസത്തിലേക്കു കുറിയർ വഴി പടക്കം എത്തിക്കുമെന്നു കണ്ടെത്തിയതോടെയാണു പാലക്കാട് ജില്ലാ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഇമെയിലായി നോട്ടിസ് അയച്ചത്. വിരുതനഗർ ജില്ലയിലെ പൊലീസ് സൂപ്രണ്ടിനും കത്തയച്ചു. 

‘ഗിഫ്റ്റ് പാക്കറ്റ്’ എന്ന പേരിലാണു പടക്കം വിൽക്കുന്നത്. തമിഴ്നാട്ടിലെ ചില ഓൺലൈൻ വ്യാപാര സൈറ്റുകളും നിരീക്ഷണത്തിലാണ്. സമൂഹമാധ്യമങ്ങൾ വഴിയുള്ള വിൽപനയും പരിശോധിക്കും. ഓൺലൈൻ പടക്ക വ്യാപാര സൈറ്റുകളുടെ ലിങ്ക് പ്രചരിപ്പിച്ചാലും നടപടിയുണ്ടാകും. പാഴ്സൽ ഓഫിസുകളിലും പരിശോധിക്കും. അനധികൃതമായും സുരക്ഷയില്ലാതെയും നടത്തുന്ന പടക്ക വ്യാപാരം തടയാൻ പരിശോധന കർശനമാക്കുമെന്നു കൊച്ചിയിലെ എക്സ്പ്ലോസീവ് ഡപ്യൂട്ടി ചീഫ് കൺട്രോളറുടെ ഓഫിസ് അറിയിച്ചു. അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ടുമാരുടെ മേൽനോട്ടത്തിൽ റവന്യു ഉദ്യോഗസ്ഥർ പരിശോധിക്കും. 

കണ്ണൂരും കാസർകോടും പാഴ്സൽ ഓഫിസ് വഴി എത്തിയ പടക്കങ്ങൾ പൊലീസ് പിടിച്ചെടുത്തിരുന്നു. രേഖകളില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും ശിവകാശിയിൽ നിന്ന് എത്തിക്കുന്ന പടക്കം പലയിടത്തും പൊലീസ് പിടികൂടുന്നുണ്ട്. എക്സ്പ്ലോസീവ് കൺട്രോളറുടെ അനുമതിയോടെ, അപകടരഹിതമായ കരിമരുന്നു സാമഗ്രികൾ മാത്രമേ സംസ്ഥാനത്തു വിൽക്കാനും സൂക്ഷിക്കാനും പാടുള്ളൂ. പടക്കം നിർമിച്ച സ്ഥാപനത്തിലെ ലൈസൻസിന്റെ കോപ്പിയും പടക്കത്തിൽ ഉപയോഗിച്ചിട്ടുള്ള കരിമരുന്നിന്റെ അളവു സംബന്ധിച്ച രേഖകളും ഇതു കൊണ്ടുവരുന്ന വാഹനത്തിൽ സൂക്ഷിക്കണം. വിൽക്കുന്ന കടയ്ക്ക് ലൈസൻസ് ആവശ്യമാണ്. അനധികൃത പടക്ക നിർമാണവും വിൽപനയും ലൈസൻസ് ഫീസ് ഇനത്തിലും ജിഎസ്ടി നികുതിയിലും സർക്കാരിനു വൻ നഷ്ടമുണ്ടാക്കുന്നുണ്ട്. പാഴ്സൽ ഓഫിസുകളിൽ സംശയമുള്ള പാഴ്സലുകൾ ജീവനക്കാർ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നു പൊലീസ് നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com