മണ്ണാർക്കാട്∙ മുക്കണ്ണത്ത് സബ് ജയിലിന് അനുവദിച്ച സ്ഥലത്ത് ചുറ്റുമതിൽ നിർമാണത്തിന് 1.48 കോടി രൂപ അനുവദിച്ചു. മതിൽ നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ അധീനതയിലുള്ള 4 ഏക്കർ ഭൂമിയാണു ജയിൽ വകുപ്പിനു കൈമാറിയത്. ആധുനിക രീതിയിലുള്ള ജയിൽ സമുച്ചയം നിർമിക്കാൻ ജയിൽ വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ചുറ്റുമതിൽ നിർമാണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായി.
സൈറ്റ് പൊതുമരാമത്ത് വകുപ്പിനു കൈമാറുന്നതോടെ മതിൽ നിർമാണം ആരംഭിക്കുമെന്നു ജയിൽ വകുപ്പ് അറിയിച്ചു. ഇന്നലെ രാവിലെ പൊതുമരാമത്ത് വകുപ്പ് സ്ഥലത്തു ടോട്ടൽ സ്റ്റേഷൻ സർവേ നടപടികൾ ആരംഭിച്ചു. കെട്ടിട നിർമാണത്തിനുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്നു നോഡൽ ഓഫിസർ മുജീബ് റഹ്മാൻ അറിയിച്ചു. മണ്ണാർക്കാട് സബ് ജയിൽ വേണമെന്നതു കാലങ്ങളായുള്ള ആവശ്യമാണ്. മതിൽ നിർമാണം പൂർത്തിയായാലുടൻ കെട്ടിടം നിർമാണവും ആരംഭിക്കാനുള്ള നടപടികൾ തുടങ്ങിയതായും ജയിൽ വകുപ്പ് അറിയിച്ചു.