പാലക്കാട് ∙ ചിറ്റൂരിനു സമീപം മൂങ്കിൽമടയിലെ ബസ് കാത്തിരിപ്പു കേന്ദ്രം ഒരു ‘രാജ്ഞിക്ക്’ കൊട്ടാരം. പേര് രാസാത്തി – രാജ്ഞിയെന്നർഥം. വയസ്സ് 57 ആയി. 10 വർഷത്തിലേറെയായി ഈ ബസ് കാത്തിരിപ്പു കേന്ദ്രമാണു മാനസിക വെല്ലുവിളി നേരിടുന്ന രാസാത്തിക്ക് വീട്. സുരക്ഷിതത്വം ഒട്ടുമില്ലാത്ത, നാലു തൂണിൽ ഇരുമ്പു ഷീറ്റു മേഞ്ഞ തണൽ. സമ്പാദ്യമായി ചെറിയ ഒരു കലവും ചട്ടിയുമുണ്ട്. കല്ലുകൾ കൂട്ടി ഇവിടെത്തന്നെ അടുപ്പുണ്ടാക്കി കഞ്ഞിവെച്ചു കുടിക്കും.
അടുപ്പു കത്തിക്കാൻ ആവശ്യമായ വിറകും ഇവിടെ കൂട്ടിയിട്ടിട്ടുണ്ട്. രണ്ടു കുട്ടകളിൽ തക്കാളിയും വഴുതനയും. ചന്തയിൽ നിന്നു വാങ്ങിക്കൊണ്ടുവരുന്ന ഈ പച്ചക്കറികൾ വീടുകളിൽ നടന്നു വിറ്റാണ് കഞ്ഞി കുടിക്കാനുളള വക കണ്ടെത്തുന്നത്. നാട്ടുകാർക്ക് ഇവർ ‘തക്കാളി രാജി’യാണ്. ഇടയ്ക്ക് ദേഷ്യപ്പെടുമെങ്കിലും നാട്ടുകാർ പച്ചക്കറികൾ ഇവരുടെ കയ്യിൽ നിന്നു വാങ്ങും.
വീടിനെക്കുറിച്ച് അവ്യക്തമായ ഓർമകൾ മാത്രമാണുളളത്. ‘ഭർത്താവു മരിച്ചു. ഒരു മകൻ തമിഴ്നാട്ടിലും മകൾ ചിറ്റൂരിലുമുണ്ട്.’ കൂടുതൽ ഒന്നും പറയാനില്ലെന്ന ഭാവത്തിൽ വിദൂരതയിലേക്കു തുറിച്ചു നോക്കി ഇരുന്നു. മക്കൾക്കൊപ്പം പോകാത്തത് എന്താണെന്നു ചോദിച്ചപ്പോൾ വിളറിയ ഒരു ചിരി മാത്രം മറുപടി.
വീട്ടിൽ പോകണോ എന്നു വീണ്ടും ചോദിച്ചപ്പോൾ ഇതാണ് എന്റെ വീടെന്നു ദേഷ്യത്തോടെ പറഞ്ഞു. മുൻപു മകൾ വന്നു വിളിച്ചെങ്കിലും കൂടെ പോകാൻ തയാറായില്ലെന്നു നാട്ടുകാർ പറഞ്ഞു. ബസ് കാത്തിരിപ്പുകേന്ദ്രം വീടാക്കിയതോടെ ബസിൽ കയറാൻ വരുന്നവരാരും അവിടെ കയറാറില്ല. അതിദാരിദ്ര്യ നിർമാർജന വിവര ശേഖരണം നടന്നപ്പോൾ പഞ്ചായത്ത് മെംബർ ആധാർ കാർഡ് ഉൾപ്പെടെ എടുത്തു കൊടുക്കാൻ ശ്രമിച്ചെങ്കിലും രാസാത്തി സമ്മതിക്കാത്തതിനാൽ അതും നടന്നില്ല.