മണ്ണാർക്കാട്∙ എടത്തനാട്ടുകരയിൽ വീടു കയറി ആക്രമണത്തിന് ഇരയായ മേലാത്ര രുഗ്മിണിയുടെ മൊഴി, കോടതി നിർദേശിച്ചു മൂന്നു ദിവസമായിട്ടും പൊലീസ് രേഖപ്പെടുത്തിയില്ല. നാട്ടുകൽ പൊലീസിനെതിരെ തൃശൂർ റേഞ്ച് ഡിഐജി, പാലക്കാട് ജില്ലാ പൊലീസ് മേധാവി എന്നിവർക്കു രുഗ്മിണി പരാതി നൽകി. ബുധനാഴ്ചയാണ് എടത്തനാട്ടുകര ആലുംകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന മേലാത്ര രുഗ്മിണിയെയും മകനെയും കൊച്ചുമകളെയും ആറംഗ സംഘം ആക്രമിച്ചത്. മകൻ ഷാജിക്കും രുഗ്മിണിക്കും പരുക്കേറ്റിരുന്നു. അമ്മയെയും സഹോദരീപുത്രിയെയും മർദിക്കുന്നത് തടയാനായി ഷാജി മടവാൾ വീശിയതിനെ തുടർന്ന് അക്രമി സംഘത്തിലെ രണ്ടു പേർക്കു പരുക്കേൽക്കുകയും ചെയ്തു.
അക്രമി സംഘത്തിന്റെ പരാതിയിൽ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അക്രമണത്തിന് ഇരയായ രുഗ്മിണിയുടെ പരാതി സ്വീകരിക്കാനോ മൊഴിയെടുക്കാനോ പൊലീസ് തയാറായിരുന്നില്ല. തുടർന്ന് രുഗ്മിണി വ്യാഴം രാത്രി മണ്ണാർക്കാട് കോടതിയിലെത്തി പരാതി നൽകുകയും മൊഴിയെടുക്കാൻ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് നിർദേശം നൽകുകയും ചെയ്തു. മൊഴിയെടുക്കാത്തതു സംബന്ധിച്ചു പ്രതികരിക്കാൻ നാട്ടുകൽ പൊലീസ് തയ്യാറായില്ല. സംഭവത്തെക്കുറിച്ചു പരിശോധിക്കുമെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് പറഞ്ഞു.
അതേ സമയം തന്നോട് ക്രൂരമായാണ് പൊലീസ് പെരുമാറിയതെന്ന് കാണിച്ച് രുഗ്മിണി തൃശൂർ മേഖല ഡിഐജിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. രാഷ്ട്രീയ സ്വാധീനത്താൽ പൊലീസ് പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നു പരാതിയിൽ പറയുന്നു. സംഭവം നടന്ന രാത്രി തങ്ങളുടെ വാടക വീട് പൂട്ടിപ്പോയ പൊലീസ് പിറ്റേന്നു രാത്രിയാണു താക്കോൽ തന്നത്. അതുവരെ താനും കൊച്ചുമകളും അയൽവീട്ടിൽ കഴിയേണ്ടി വന്നു. 12 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നിട്ടും മൊഴിയെടുത്തില്ലെന്നും തങ്ങൾക്ക് നിതി നിഷേധിച്ച പൊലീസുകാർക്ക് എതിരെ നടപടി വേണമെന്നും പരാതിയിൽ പറയുന്നു.