പാലക്കാട് ∙ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി ഹേമാംബിക നഗർ പൊലീസ്. പരാതിക്കാരിയുടെ മകനും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്. പുതുപ്പരിയാരം സ്വദേശികളായ വേലങ്ങാട് വി.ബൈജു(26), എം.സുനിൽ(25), എസ്.സുശാന്ത്(26) എന്നിവരാണ് പിടിയിലായത്. പുതുപ്പരിയാരം വേലങ്ങാട് സജിതയുടെ വീട്ടിലാണ് മോഷണം നടന്നത്. സജിതയുടെ മകനാണ് അറസ്റ്റിലായ ബൈജു. ബുധനാഴ്ച കൊടുങ്ങല്ലൂർ ഭരണിക്കു പോയ സജിത വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഓട് പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ അലമാരകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവരുകയായിരുന്നു. 3 പവനും 20,000 രൂപയും നഷ്ട്ടപെട്ടുവെന്നായിരുന്നു പരാതി.
തെളിവുകൾ നശിപ്പിക്കുന്നതിനായി മോഷണത്തിനു ശേഷം മുളകുപൊടി വിതറുകയും ആയുധങ്ങൾ ഒളിപ്പിച്ചു വയ്ക്കുകയും ചെയ്തു.വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പരാതി നൽകിയത്. ഇന്നലെ രാവിലെയോടെ പ്രതികളെ പിടികൂടി. നഷ്ടപ്പെട്ട സ്വർണവും പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സജിതയുമായി അകന്നു താമസിക്കുന്ന മകൻ ബൈജുവാണ് പദ്ധതി തയാറാക്കി സുഹൃത്തുക്കളുടെ സഹായത്തോടെ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് എഎസ്പി എ.ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം ഹേമാംബിക നഗർ എസ്ഐ വി.ആർ.റിനീഷ്, എസ്ഐ കെ.ജി.ജയനാരായണൻ, ഗ്രേഡ് എസ്ഐ കെ.ശിവചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എ.നവോജ്, സിവിൽ പൊലീസ് ഓഫിസർ സി.എൻ.ബിജു, കെ.പി.രാജേഷ് ഖന്ന, ജി.പ്രസാദ്, കെ.എം.വിനോദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.