മണ്ണാർക്കാട് ∙ മണ്ണാർക്കാട്– കോങ്ങാട് ടിപ്പു സുൽത്താൻ റോഡ് നവീകരണം പുരോഗമിക്കുന്നു. 10 കിലോമീറ്റർ റോഡ് ടാറിങ് പൂർത്തിയായി. കോങ്ങാട്, കടമ്പഴിപ്പുറം, കാരാകുർശ്ശി, മണ്ണാർക്കാട് നഗരസഭ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന 17 കിലോമീറ്റർ റോഡ് നവീകരണത്തിന് 56 കോടി രുപയാണ് കിഫ്ബി അനുവദിച്ചത്. 2021 ജൂലൈയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നടത്തിയെങ്കിലും സാങ്കേതിക തടസ്സം കാരണം പ്രവൃത്തി ആരംഭിക്കാൻ വൈകി. 2022 ജൂലൈയിൽ ആരംഭിച്ച പ്രവൃത്തി ദ്രുതഗതിയിലാണു പുരോഗമിക്കുന്നത്. കോങ്ങാട് മുതൽ കിളിരാനി കോലാനി വരെയുള്ള 10 കിലോമീറ്റർ ബിഎം പൂർത്തിയായി. കോലാനി മുതൽ പള്ളിക്കുറുപ്പ് വരെയുള്ള ഭാഗത്തെ ബിഎം പ്രവൃത്തികൾ മാർച്ചിൽ പൂർത്തിയാക്കും.
കൊന്നക്കോട് മുതൽ മണ്ണാർക്കാട് വരെയുള്ള ഭാഗത്തെ കലുങ്കുകളുടെ ജോലി പുരോഗമിക്കുന്നുണ്ട്.കോങ്ങാട് മുതൽ കൊന്നക്കോട് വരെയുള്ള ഭാഗത്ത് റോഡിന് ആവശ്യമായ വീതി കണ്ടെത്തുന്നതിന് പഞ്ചായത്തുകളും എംഎൽഎയും പൊതുപ്രവർത്തകരും കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമായി സ്ഥലമെടുപ്പ് എളുപ്പമായി. കൊന്നക്കോട് മുതൽ മണ്ണാർക്കാട് ടൗൺ വരെ വീതി കുറഞ്ഞ ഭാഗങ്ങളിൽ സ്ഥലമെടുത്ത് വീതി കൂട്ടാൻ ബന്ധപ്പെട്ടവർ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ടിപ്പു സുൽത്താൻ റോഡ് ആരംഭിക്കുന്ന മണ്ണാർക്കാട് ടൗൺ മുതൽ പാറപ്പുറം വരെ റോഡിനു വീതി വളരെ കുറവാണ്. വലിയ വാഹനത്തിന് തിരിഞ്ഞു കയറാൻ മതിയായ വീതി ടിപ്പു സുൽത്താൻ റോഡ് ജംക്‌ഷനിൽ വീതിയില്ല.