പാലക്കാട്∙ ഗുഡ്സ് ട്രെയിനുകളിൽ നിന്ന് ചരക്ക് നീക്കം ചെയ്യുന്നതിനുള്ള സമയം റെയിൽവേ കുറച്ചതോടെ ഭീമമായ തുക പിഴയായി (ഡാമറേജ്) നൽകേണ്ടി വരുന്നതായി പരാതി. 10 വാഗണിൽ നിന്ന് 5 മണിക്കൂറിനുള്ളിലും 21 വാഗണിൽ നിന്ന് 7 മണിക്കൂറിനുള്ളിലും 42 വാഗണിൽ നിന്ന് 9 മണിക്കൂറിനുള്ളിലും ചരക്ക് നീക്കിയില്ലെങ്കിൽ പിഴ നൽകേണ്ടി വരും. രാത്രികാലങ്ങളിൽ എത്തുന്ന വാഗണിൽ നിന്ന് ചരക്കു മാറ്റാൻ തൊഴിലാളികളെ കിട്ടാതെ വരുന്നതോടെ കച്ചവടക്കാർ ഭീമമായ തുകയാണ് റെയിൽവേയ്ക്കു നൽകേണ്ടി വരുന്നത്.
ആദ്യത്തെ 2 മണിക്കൂറിന് ഓരോ വാഗണിനും 150 രൂപ നിരക്കിലും 4 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ 225 രൂപ നിരക്കിലും നൽകണം. 12 മുതൽ 24 മണിക്കൂർ വരെ 450 രൂപ നിരക്കിലും 24 മുതൽ 48 മണിക്കൂർ വരെ 450 രൂപയും അത് കഴിഞ്ഞാൽ ഓരോ വാഗണിനും 600 രൂപയുമാണ് പിഴയായി നൽകേണ്ടത്. രാത്രികളിൽ വാഗൺ എത്തുമ്പോൾ ആവശ്യത്തിന് തൊഴിലാളികൾ ഉണ്ടാകാറില്ല. പക്ഷേ, വൈകിയതിന്റെ പിഴ അടയ്ക്കേണ്ടി വരും.
ചരക്കുനീക്കം പ്രതിസന്ധിയിലായതോടെ പല കച്ചവടക്കാരും റോഡ് മാർഗം ചരക്കുകൾ കൊണ്ടുവരാൻ തുടങ്ങി. ഇതോടെ ഒലവക്കോട് ഗുഡ്സ്ഷെഡിലെ തൊഴിലാളികളുടെ പണി കുറഞ്ഞു.കഴിഞ്ഞ വർഷം മുതലാണ് റെയിൽവേ ചരക്കു നീക്കത്തിന് ഈ രീതിയിൽ പിഴ ഈടാക്കി തുടങ്ങിയത്. അതോടെ ചരക്കും കുറഞ്ഞു. പണി കുറയുന്നതിനാൽ ഇതിനെതിരെ തൊഴിലാളി യൂണിയനുകൾ പലതവണ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഈ വർഷവും ഇതേ രീതിയിൽ പിഴ ഈടാക്കാനുള്ള ഉത്തരവ് പാലക്കാട് റെയിൽവേ ഡിവിഷൻ പുറത്തിറക്കിയതോടെ പ്രതിഷേധം ശക്തമാണ്. ഒലവക്കോട് ഗുഡ്സ് ഷെഡിൽ നിലവിൽ നൂറിലധികം തൊഴിലാളികളും എഴുപതോളം ലോറികളുമാണുള്ളത്.