ADVERTISEMENT

മണ്ണാർക്കാട് ∙ എടത്തനാട്ടുകരയിൽ അറുപതുകാരിയെയും മകനെയും കൊച്ചുമകളെയും വീടുകയറി ആക്രമിച്ച സംഭവത്തിൽ ആറു പേർക്ക് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുത്തു. ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് നേരിട്ടെത്തിയാണ് ഇരയായ മേലാത്ര രുക്മിണിയുടെയും കൊച്ചുമകളുടെയും മൊഴിയെടുത്തത്.

എടത്തനാട്ടുകര മഠത്തൊടി മനോജ്കുമാർ, സുഹൃത്ത് സുരേഷ്ബാബു എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന നാലു പേർക്കും എതിരെയാണു കേസ്. ബുധനാഴ്ച രാത്രിയാണ് അക്രമമുണ്ടായത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം രാവിലെ ആറു മുതൽ വൈകിട്ട് ആറര വരെ നാട്ടുകൽ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നിട്ടും പരാതി സ്വീകരിക്കാത്തതിനെ തുടർന്ന് രുക്മിണി രാത്രി മണ്ണാർക്കാട് കോടതിയിൽ എത്തി അഭിഭാഷകൻ എ.സന്തോഷ് മുഖേന പരാതി നൽകുകയായിരുന്നു.

രാത്രി പത്തിനു കോടതിയിലെ ചേംബറിലെത്തിയ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കാവ്യ സോമൻ നാട്ടുകൽ പൊലീസിനു രുക്മിണിയുടെ മൊഴിയെടുക്കാൻ നിർദേശം നൽകി. കോടതി നിർദേശിച്ചിട്ടു മൂന്ന് ദിവസം പിന്നിട്ടിട്ടും മൊഴിയെടുക്കാതിരുന്നതിനെ തുടർന്ന് ശനിയാഴ്ച മണ്ണാർക്കാട് ഡിവൈഎസ്പിക്ക് പരാതി നൽകി. തുടർന്നാണ് കേസെടുത്തതും മൊഴിയെടുത്തതും

കേസിന്റെ അന്വേഷണം മണ്ണാർക്കാട് ഡിവൈഎസ്പി ഏറ്റെടുത്തു. മുകളിലത്തെ നിലയിൽ താമസിക്കുന്ന രുക്മിണിയുടെ വീട്ടിലേക്ക് എത്തിയ ആറംഗ സംഘം രുക്മിണിയെയും മകൻ ഷാജിയെയും മകളുടെ മകളെയും ആക്രമിച്ചെന്നാണു പരാതി. ഉച്ചത്തിൽ സംസാരിക്കുന്നതെന്തിനെന്ന് ചോദിച്ചാണു സംഘം എത്തിയത്. 

വടികളുമായി എത്തിയ സംഘം അക്രമം തുടർന്നപ്പോൾ ഷാജി മടവാൾ എടുത്തു വീശി. ഇതേ തുടർന്ന് സംഘത്തിലെ രണ്ടു പേർക്കു പരുക്കേറ്റു. അക്രമി സംഘത്തിന്റെ മൊഴിയിൽ ഷാജിക്ക് എതിരെ വധശ്രമത്തിനു കേസെടുത്ത പൊലീസ് ഷാജിയെ അറസ്റ്റ് ചെയ്തു. ഷാജി റിമാൻഡിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com