ADVERTISEMENT

പാലക്കാട് ∙ ‘തനിക്ക് മരണമില്ലടോ വാരിയരേ’...!  രാവണപ്രഭു സിനിമയിൽ കാർത്തികേയൻ വാരിയരോടു പറഞ്ഞതുപോലെ ഇന്നസന്റ് ഓർമകൾക്കു മരണമില്ല. ഇന്നസന്റിന്റെ അനശ്വര കഥാപാത്രങ്ങൾ പലതും പിറന്നത് പാലക്കാടിന്റെ മണ്ണിലാണ്. റാംജിറാവു സ്പീക്കിങിലെ മികച്ച പ്രകടനത്തിനു ശേഷം ഇന്നസന്റിനെ സിനിമയിൽ ഒഴിച്ചു കൂടാനാവാത്ത കഥാപാത്രമാക്കിയതു ഡോ.പശുപതിയിലെ വേഷമായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത് രഞ്ജി പണിക്കർ തിരക്കഥയൊരുക്കിയ ഈ മുഴുനീള ഹാസ്യ സിനിമയുടെ ചിത്രീകരണം പൂർണമായും ഷൊർണൂരിലായിരുന്നു.

ഇന്നസന്റിന്റെയും മാമുക്കോയയുടേയും കോമ്പിനേഷൻ സീനുകൾ  അക്കാലത്തെ കോമഡി സിനിമകളുടെ തലവര മാറ്റി. അടൂർ ഭാസി–ബഹദൂർ, പപ്പു–മാള–ജഗതി കൂട്ടുകെട്ടിനും ശേഷം വീണ്ടുമൊരു മാജിക്. ഇന്നസന്റ്–മാമുക്കോയ കൂട്ടുകെട്ട്. ഒരാൾ തൃശൂർ ഭാഷകൊണ്ടും അടുത്തയാൾ കോഴിക്കോട് ഭാഷ കൊണ്ടും ഒരേ സീനിൽ ചിരി വിരുന്നൊരുക്കി. തൃത്താലയിൽ ചിത്രീകരിച്ച പൊൻമുട്ടയിടുന്ന താറാവ് സിനിമയിലൂടെ 'പണിക്കരായി' ഇന്നസന്റ് കഥാപാത്രത്തെ അനശ്വരമാക്കി.

1972ൽ നൃത്തശാല എന്ന സിനിമയിൽ അഭിനയിച്ച ശേഷം സിനിമാ മോഹവുമായി മദ്രാസിലേക്കു വണ്ടി കയറും മുൻപ് അദ്ദേഹത്തിനു ഭാഗ്യാന്വേഷണ കേന്ദ്രം കൂടിയായിരുന്നു ഷൊർണൂർ. കെ.എസ്.സേതുമാധവനും പി.എൻ.മേനോനും ഉൾപ്പെടെയുള്ള സംവിധായകർ സ്റ്റുഡിയോ ഫ്ളോറുകളിൽ നിന്ന് സിനിമയെ പ്രകൃതിയിലേക്കു കൊണ്ടു വന്ന കാലം മുതൽ ഷൊർണൂരും പ്രമുഖ ലൊക്കേഷനായിരുന്നു. അക്കാലത്തു ചലച്ചിത്ര പ്രവർത്തകരെ കാണാൻ ഷൊർണൂരിലെത്തിയ കഥ പിൽക്കാലത്ത് ഇവിടത്തെ ഷൂട്ടിങ് വേദികളിൽ ഇന്നസന്റ് പങ്ക് വയ്ക്കുമായിരുന്നു.'എന്താടോ വാരിയരേ താൻ നന്നാവാത്തത് ?' ദേവാസുരത്തിലെ നീലകണ്ഠനൊപ്പം നിഴലായി നിന്ന വാരിയർ. വരിക്കാശേരി മനയിൽ ചിത്രീകരിച്ച ദേവാസുരത്തിലൂടെ സീരിയസ് വേഷങ്ങളും അനായാസം വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. 44 ദിവസം കൊണ്ടായിരുന്നു ഷൂട്ടിങ്. ദിവസവും 20 മണിക്കൂർ ഷൂട്ടിങ് ഉണ്ടായിരുന്നതായി സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ എം.പത്മകുമാർ ഓർക്കുന്നു. 'ഷൂട്ടിങ്ങിന്റെ ഇടയ്ക്കു മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനായി ഇന്നസന്റ് ഒരു ദിവസത്തേക്കു ചെന്നൈയിൽ പോയിരുന്നു. 

പിറ്റേന്നു വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാൽ അന്നു വരാൻ കഴിയില്ലെന്ന് അറിയിച്ചു. അന്നത്തെ ഷൂട്ടിങ് മുടങ്ങി. വിശ്രമമില്ലാതെ ജോലി ചെയ്ത സിനിമ പ്രവർത്തകർ എല്ലാം ഇന്നസന്റിനു സ്തുതിപാടി ഉറങ്ങി. അടുത്ത ദിവസം സെറ്റിലെത്തിയ അദ്ദേഹം പറഞ്ഞത്, എല്ലാവർക്കും വിശ്രമിക്കാനും ഉറങ്ങാനും സമയം നൽകാനായി താൻ മനഃപൂർവം വരാതിരുന്നതാണെന്നും'. നമ്പർ 20 മദ്രാസ് മെയിലിൽ ടിക്കറ്റ് പരിശോധനയ്ക്ക് എത്തി, കള്ളുകുടിച്ച് ‘ടോണിക്കുട്ടാ... ടോണിക്കൂട്ടാ’ എന്നു പാടിയതും ഷൊർണൂരിൽ വച്ച്. ഗജകേസരി യോഗത്തിൽ വായ്പയെടുത്തു ആനയെ വാങ്ങി ഹിന്ദിയിൽ ചട്ടം പഠിപ്പിച്ച രസമുള്ള കാഴ്ചയും ഈ മണ്ണിൽ തന്നെ. ‘ഗാന്ധിജി സ്വപ്നം കണ്ട മദ്യ വിമുക്ത കിനാശ്ശേരി’ എന്ന  മനസ്സിനക്കരയിലെ ചാക്കോ മാപ്പിളയുടെ ഡയലോഗും ശ്രദ്ധ നേടി. രസതന്ത്രത്തിൽ മൂത്താശ്ശാരിയായും  ഇന്നസന്റ് പാലക്കാട്ട് നിറഞ്ഞാടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com