പച്ചത്തേങ്ങ സംഭരണം: വെട്ടിലായി കര്‍ഷകര്‍

HIGHLIGHTS
  • കേരഫെഡ് ഫണ്ട് കിട്ടിയില്ലെങ്കില്‍ സംഭരിക്കാന്‍ പറ്റില്ലെന്ന് സ്വാശ്രയ കർഷക സമിതികൾ
palakkad-coconut-procurement
SHARE

വടക്കഞ്ചേരി∙ കൈകാര്യച്ചെലവ് ലഭിക്കാത്തതിനാൽ പച്ചത്തേങ്ങ സംഭരണം നിര്‍ത്തിയത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി. ഒരു തെങ്ങില്‍ നിന്ന് വര്‍ഷം 70 തേങ്ങ ആറു പ്രാവശ്യമായാണ് കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്നത്. കിലോയ്ക്ക് 25 രൂപയ്ക്കാണ് കർഷക സമിതികൾ തേങ്ങ എടുക്കുന്നത്. പൊതുവിപണിയില്‍ 23 രൂപയാണ് കര്‍ഷകന് കിട്ടുന്നത്. സംഭരണം നിലച്ചാല്‍ പച്ചത്തേങ്ങ വില കുത്തനെ ഇടിയുമെന്ന് കര്‍ഷകര്‍ പറയുന്നു. നിശ്ചിത ശതമാനം സംഭരണം ഉണ്ടെങ്കില്‍ വിപണിയിലും വില താഴുകയില്ല. എന്നാല്‍ സംഭരണം ഇല്ലാതായാല്‍ കച്ചവടക്കാര്‍ വില താഴ്ത്തുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൈകാര്യച്ചെലവ് കിട്ടാത്തതിനാല്‍  ഏപ്രിൽ ഒന്നു മുതൽ സംഭരണം പൂര്‍ണമായും നിർത്തുമെന്ന് സ്വാശ്രയ കർഷക സമിതി ഭാരവാഹികള്‍ പറഞ്ഞു.

വാർഷിക കണക്കെടുപ്പുമായി ബന്ധപ്പെട്ട് 30 ന് പച്ചത്തേങ്ങ സംഭരിക്കേണ്ടെന്ന് കേരഫെഡ് വിവിധ സംഘങ്ങൾക്ക് നിർദേശം നൽകിയതിനാല്‍ മിക്കയിടത്തും തേങ്ങ സംഭരണം നിര്‍ത്തി. ഇതോടെ കര്‍ഷകരും കുരുക്കിലായി. കച്ചവടക്കാര്‍ തേങ്ങ എടുക്കുന്നതില്‍ താൽപര്യം എടുക്കുന്നുമില്ല. അതിനാല്‍ തന്നെ വിപണിവില പിടിച്ചു നിര്‍ത്താന്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് പച്ചത്തേങ്ങ സംഭരണം ഉടന്‍ തുടങ്ങണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. തെങ്ങിന് കായ്ഫലം കുറഞ്ഞു വരുന്നതും വിവിധ രോഗങ്ങളും കര്‍ഷകനെ വലയ്ക്കുന്നുണ്ട്. എന്നാല്‍ കൈകാര്യച്ചെലവ് കിട്ടിയില്ലെങ്കില്‍ പച്ചത്തേങ്ങ സംഭരണം ആരംഭിക്കില്ലെന്ന കടുത്ത നിലപാടിലാണ് ജില്ലയിലെ സ്വാശ്രയ കർഷക സമിതികളുടെ കണ്‍സോര്‍ഷ്യം. മിക്ക സംഘങ്ങള്‍ക്കും ലക്ഷങ്ങള്‍ കിട്ടാനുണ്ട്.

കടമെടുത്തും പച്ചത്തേങ്ങ സംഭരിച്ച സംഘങ്ങള്‍ അനുദിന ചെലവുകള്‍ നടത്താനും പാടുപെടുകയാണ്. വിഷു വിപണി ലക്ഷ്യമിട്ട് കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ലഭ്യമാകുന്ന സമയത്ത് കടം കയറിയത് സ്വാശ്രയ കർഷക സമിതികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു. 2022 ഒക്ടോബർ മുതലുള്ള പണം ഇനിയും കർഷക സമിതികൾക്ക് കേരഫെഡ് നൽകാനുണ്ട്. മുൻപും തുക കിട്ടാതെ കർഷക സമിതികൾ പച്ചത്തേങ്ങ സംഭരണം നിർത്തിയിരുന്നു. എന്നാല്‍ ഒരു മാസത്തെ തുക നല്‍കി കേരഫെഡ് വീണ്ടും സംഭരണം തുടങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അത് വിശ്വസിച്ച് സംഭരണം തുടങ്ങിയ സമിതികള്‍ വെട്ടിലായിരിക്കുകയാണ്. ഏപ്രില്‍ മാസത്തിലും സംഭരണം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി കേരഫെഡ് പ്രതിനിധി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS