ADVERTISEMENT

പാലക്കാട്∙ വേനൽ ചൂട് കടുത്തതോടെ ജില്ലയിൽ പാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞു. ചൂടുകെ‍ാണ്ടുള്ള പ്രശ്നങ്ങളും പച്ചപ്പുല്ലിന്റെ കുറവുമാണ് ഉൽപാദനം കുറയുന്നതിനു പ്രധാന കാരണം. വരുമാനം കുറഞ്ഞതേ‍ാടെ കാലിത്തീറ്റ, വൈക്കോൽ, പരുത്തിക്കുരു എന്നിവ വില കൊടുത്ത് വാങ്ങാൻ ക്ഷീരകർഷകർ ബുദ്ധിമുട്ടുകയാണ്. വേനൽക്കാലത്ത് ദിവസ വരുമാനത്തേക്കാൾ അധികം ചെലവാണ് കർഷകർക്ക് ഉണ്ടാകുന്നത്. എന്നാൽ, ശാസ്ത്രീയമായ പരിപാലന രീതികളിലൂടെ വേനലിൽ ഒരു പരിധിവരെ പാൽ ഉൽപാദനം നിലനിർത്താൻ സാധിക്കുമെന്ന് ക്ഷീരവികസന വകുപ്പ് അധികൃതർ പറയുന്നു.

ഉൽപാദനം കുറഞ്ഞതോടെ ക്ഷീരസംഘങ്ങളിൽ നിന്നു മിൽമ സംഭരിക്കുന്ന പാലിന്റെ അളവും ഗണ്യമായി കുറഞ്ഞു. പാലക്കാട്, പട്ടാമ്പി, അട്ടപ്പാടി മേഖലകളിലെ 330 ക്ഷീരസംഘങ്ങളിൽ നിന്നുള്ള മിൽമയുടെ പ്രതിദിന സംഭരണത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി 4925 ലീറ്ററിന്റെ കുറവുള്ളതായി അധികൃതർ പറഞ്ഞു. ഫെബ്രുവരിയിൽ 223650 ലീറ്ററായിരുന്നു സംഭരണം. മാർച്ച് ആയതോടെ ഇത് വീണ്ടും കുറഞ്ഞു. നിലവിൽ 218725  ലീറ്റർ പാലാണു സംഭരിക്കുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ 230230 ലീറ്ററും മാർച്ചിൽ 216587 ലീറ്ററുമായിരുന്നു പ്രതിദിന സംഭരണം. സാധാരണ പ്രതിദിനം ശരാശരി 2.22 ലക്ഷം ലീറ്ററാണ് ജില്ലയിൽ മിൽമയുടെ സംഭരണം. പാലക്കാട്– 253, പട്ടാമ്പി– 62, അട്ടപ്പാടി– 15 ക്ഷീരസംഘങ്ങളാണ് ഉള്ളത്. 

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ പൊതുവേ പാൽ ഉൽപാദനം കുറയും. ചൂടിൽ പാലിന്റെ കൊഴുപ്പും കുറയും. അതിനാൽ, പശുക്കളെ വെയിലത്ത് വിടാതിരിക്കുക. (എസ്.നിരീഷ്, പാലക്കാട് ഡെയറി മാനേജർ)

രണ്ടു മാസമായി പാൽ കുറവാണ്. 17 പശുക്കളിൽ 10 എണ്ണത്തിന് കറവയുണ്ട്. വേനലിനു മുൻപ് രാവിലെ 80 ലീറ്ററും വൈകിട്ട് 35 ലീറ്ററും അളന്നിരുന്നത് ഇപ്പേ‍ാൾ 50, 25 ലീറ്ററായി കുറഞ്ഞു. പ്രതിദിനം 2800 വരുമാനം ഉണ്ടെങ്കിലും ചെലവ് 3500 രൂപയാണ്.(എസ്.കൃഷ്ണമൂർത്തി, പൂവാത്ത കോളനി, അഗളി) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com