ADVERTISEMENT

ചിറ്റൂർ  ∙ മീനാക്ഷിപുരത്തു വച്ചു സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും ഫോണും കവർന്ന കേസിൽ 6 പേർകൂടി അറസ്റ്റിലായി. കിണാശ്ശേരി തണ്ണീർപന്തൽ തസ്രാക്ക് സ്വദേശി എ.അജിത്ത് (29), പാലക്കാട് കൽമണ്ഡപം പിഎംസി കോളനിയിൽ എം.രാഹുൽ (23), പാലക്കാട് കുന്നത്തൂർമേട് കിടങ്ങൻവീട് കെ.ജെ.ഡിക്സൺ (31), അത്തിമണി കാരികുളം പള്ളിച്ചാർത്തുകുളമ്പ് ആർ.രഞ്ജിത്ത് (30), പട്ടഞ്ചേരി മൂപ്പൻകുളം ഉറവ് വീട്ടിൽ എസ്.വിശാഖ് (29), കടുക്കാംകുന്ന് പാണപറമ്പ് ഗീത നിവാസിൽ കെ.മുരളിദാസ് (37) എന്നിവരെയാണ് ഇന്നലെ വിവിധ ജില്ലകളിൽ നിന്ന് അറസ്റ്റ് ചെയ്തത്.സ്വർണവ്യാപാരിയായ തൃശൂർ കല്ലൂർ പുതുക്കാട് സ്വദേശി റാഫേലിന്റെ (57) പരാതിയിലാണു നടപടി. കഴിഞ്ഞ 26നു പുലർച്ചെ അഞ്ചരയോടെ മീനാക്ഷിപുരം മൂലക്കട സൂര്യപാറയിലാണു സംഭവം. 

 തൃശൂരിലെ ജ്വല്ലറിയിൽ നിന്നു തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി സ്വകാര്യ ബസിൽ മടങ്ങുകയായിരുന്ന റാഫേലിനെ സംഘം പിടിച്ചിറക്കി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തമിഴ്നാടു ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു മർദിക്കുകയും 30 ലക്ഷം രൂപ വിലവരുന്ന 600 ഗ്രാം സ്വർണവും 23,000 രൂപയും മൊബൈൽ ഫോണും കവരുകയും ചെയ്തെന്നാണു പരാതി.കേസിൽ മുൻ എംഎൽഎയുടെ ഡ്രൈവർ ഉൾപ്പെടെ 2 പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്നാം പ്രതി അജിത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ സജീവ പ്രവർത്തകനായിരുന്നു. നിലവിൽ അജിത്ത് പാർട്ടി അംഗമല്ലെന്നു സിപിഎം പ്രാദേശിക നേതൃത്വം പറയുന്നു. 

മീനാക്ഷിപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കെ.വിശ്വനാഥ്, ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് തൃശൂർ, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആദ്യം അറസ്റ്റിലായ വിളയോടി അത്തിമണി കാരിക്കുളം ശ്രീജിത്ത് (വെള്ള-28), പാലക്കാട് നൂറണി പട്ടാണിത്തെരുവ് സിപി ഹൗസിൽ ബി.ബവീർ (31) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ അറസ്റ്റിലായവരെ ഇന്നു തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com