ADVERTISEMENT

പാലക്കാട് ∙ പാലക്കാട്ടുകാർക്ക് സിനിമയെന്ന മാന്ത്രികത പരിചയപ്പെടുത്തിയ പ്രിയദർശിനി തിയറ്റർ അര നൂറ്റാണ്ടു പിന്നിടുന്നു. 1973 മാർച്ച് 31നു തുടങ്ങിയ തിയറ്റർ ഇപ്പോഴും പാലക്കാട്ടുകാരുടെ മനസ്സിൽ സൂപ്പർ ഹിറ്റാണ്.  മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലെ മൂവായിരത്തിലേറെ സിനിമകൾ‍ തിയറ്ററിന്റെ വെള്ളിത്തിരയിൽ നിറഞ്ഞാടി. ഒരു കാലത്തു കേരളത്തിലെ മികച്ച സിനിമാ വിതരണ, നിർമാണ കമ്പനിയായിരുന്ന ‘തിരുമേനി’ പിക്ചേഴ്സിന്റെ ഉടമ വടക്കാഞ്ചേരി സ്വദേശി പി.കെ.കൈമളും എറണാകുളം സ്വദേശികളായ എം.എ.മൂപ്പനും എം.എ.ഇസ്മായിലും ചേർന്നാണു തിയറ്റർ തുടങ്ങിയത്. പാലക്കാട്ടെ ആദ്യ എസി തിയറ്റർ. 1250 പേർക്ക് ഇരിക്കാം.

ബാൽക്കണിക്കു 2 രൂപയും സെക്കൻഡ് ക്ലാസിൽ ഒരു രൂപയുമായിരുന്നു ടിക്കറ്റ് നിരക്ക്. തമിഴിലെ ആദ്യ സിനിമാസ്കോപ് ചിത്രമായ ശിവാജി ഗണേശന്റെ രാജരാജ ചോഴനായിരുന്നു ഉദ്ഘാടന ചിത്രം. പുതിയ സിനിമകൾ റിലീസ് ചെയ്യുമ്പോഴൊക്കെ ചെണ്ടകൊട്ടി ആളുകളെ അറിയിക്കുമായിരുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നു സിനിമാ പെട്ടി ചുമന്നു തിയറ്ററിലേക്കു വരുന്ന തിയറ്റർ ജീവനക്കാരന്റെ ചുറ്റും പുതിയ സിനിമ ഏതെന്ന് അറിയാൻ ആളുകൾ കൂടുമായിരുന്നുവെന്നു തിയറ്ററിനു സമീപം വർഷങ്ങളായി കച്ചവടം നടത്തുന്ന കെ.നസീർ ഓർക്കുന്നു.

 ചിത്രം സിനിമയാണ് തിയറ്ററിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ചത്. ഒരു വർഷം. ശങ്കരാഭരണം, പണിതീരാത്ത വീട്, മൈഡിയർ കുട്ടിച്ചാത്തൻ, പടയോട്ടം, ഗോഡ്ഫാദർ, മണിച്ചിത്രത്താഴ്, കിലുക്കം, ഹിറ്റ്ലർ, ഷോലെ (ഹിന്ദി) തുടങ്ങി സിനിമകൾ നൂറു ദിവസത്തിലധികം പ്രദർശിപ്പിച്ചു. പ്രേംനസീർ, ഷീല, ജയഭാരതി, മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങിയവരും  ഉണ്ണിമുകുന്ദൻ, അപർണ ബാലമുരളി വരെയുള്ള പുതുതലമുറ താരങ്ങളും തിയറ്ററിലെത്തി പ്രേക്ഷകരോടൊപ്പം സിനിമ കണ്ട് ആഘോഷത്തിൽ അണിചേർന്നു. ആരംഭിച്ച് രണ്ടു വർഷത്തിനുശേഷം 1975ൽ ജില്ലയിലെ ആദ്യ തിയറ്റർ കോംപ്ലക്സാക്കി മാറ്റി പ്രിയ തിയറ്റർ കൂടി തുടങ്ങി. പിന്നീട് കൈമളിന്റെ മകൻ കെ.നന്ദകുമാർ തിയറ്റർ ഏറ്റെടുത്തു. 4കെ ഡോൾബി ആറ്റം ഉൾപ്പെടെ ആധുനിക സൗകര്യത്തോടെ പ്രിയ തിയറ്ററിനെ നവീകരിച്ചു. പ്രിയതമ എന്ന പേരിൽ 2005ൽ മൂന്നാമത്തെ തിയറ്റർ തുടങ്ങി. സാമ്പത്തിക നഷ്ടത്തിൽ പല തിയറ്ററുകളും പൂട്ടിയെങ്കിലും കാലത്തിനനുസരിച്ച് ആധുനിക സൗകര്യങ്ങൾ ഒരുക്കി പ്രിയദർശിനി നിലകൊണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com