ADVERTISEMENT

പാലക്കാട് ∙ കല്ലേക്കാട് പാളയത്ത് ഉത്സവത്തിനിടെ ആന വിരണ്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് മുട്ടിക്കുളങ്ങര വാർക്കാട് പാളയം സ്വദേശി വി.എസ്.സുബ്രഹ്മണ്യൻ (65) മരിച്ചു. 11 പേർക്കു പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പാളയം മാരിയമ്മൻ ക്ഷേത്രത്തിൽ പൂജാ ഉത്സവത്തിന്റെ എഴുന്നള്ളത്തു സമാപിച്ച ശേഷം വെടിക്കെട്ടിനിടെയാണ് ആന വിരണ്ടത്. 50 മീറ്ററോളം ഇടഞ്ഞു നീങ്ങിയ ആനയെ അപ്പോൾതന്നെ തളച്ചു. ഇതിനിടെ, ഉത്സവം കാണാനെത്തിയ ജനം ചിതറിയോടി. ഇതിനിടയിൽ പെട്ടു സുബ്രഹ്മണ്യൻ വീഴുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. 

pkd-1
സുബ്രഹ്മണ്യൻ

ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വാർക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്റെ ബന്ധുക്കൾ കല്ലേക്കാടുണ്ട്. രത്തനം ആണ് സുബ്രഹ്മണ്യന്റെ ഭാര്യ. മക്കൾ: ജ്യോതിഷ്, സുജാത. മരുമക്കൾ: ഉഷ, മുരുകേശൻ. കൂലിപ്പണിക്കാരനായ സുബ്രഹ്മണ്യന്റെ വരുമാനത്തിലാണു കുടുംബം ജീവിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു.

pkd2
മരിച്ച സുബ്രഹ്മണ്യന്റെ മകൻ ജ്യോതിഷ് ജില്ലാ ആശുപത്രിക്കു മുന്നിൽ.

പരുക്കേറ്റ പാടുകൾ ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് അറിയിച്ചു. കല്ലേക്കാട് സ്വദേശികളായ കുമാരൻ (52), സാജിത (14), അനുശ്രീ (13), ചാമക്കാട് സ്വദേശികളായ ജിൻസി (25), സജിന (39), കോയമ്പത്തൂർ സ്വദേശി ശെന്തിൽ (43), മഹാലക്ഷ്മി (6), ജ്യോതി (32), കണ്ണൻ (49), രജിത (45), അമേഹ (11) തുടങ്ങിയവർക്കാണു പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലും കല്ലേക്കാട് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയത്തു നിന്നെത്തിയ പാലാ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.

pkd5
ആന ഇടഞ്ഞുണ്ടായ തിരക്കിൽപെട്ട് പരുക്കേറ്റവരെ ജില്ലാആശുപത്രിയിൽപ്രവേശിപ്പിക്കുന്നു. ചിത്രങ്ങൾ: മനോരമ

ദുരന്തത്തിൽ ഞെട്ടി നാട്

pkd4
ആന വിരണ്ടോടിയ സ്ഥലം. ചിത്രത്തിൽ കാണുന്ന മരക്കൊമ്പിൽ തൂങ്ങിയാണ് ആനപ്പുറത്തുണ്ടായിരുന്നയാൾ രക്ഷപ്പെട്ടത്.

പിരായിരി ∙ ആന ഇടഞ്ഞുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണു കല്ലേക്കാട് മേഖല. ഇന്നലെ രാത്രി 10 വരെ പ്രദേശം ഉത്സവാഘോഷത്തിലായിരുന്നു. എഴുന്നള്ളത്തു സമാപിച്ച ശേഷമാണു പൊടുന്നനെ ആന തിരിഞ്ഞത്. ഇതോടെയാണ് ജനം ചിതറിയോടിയത്. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെപ്പേർ വീണു. ഇതിനിടയിലാണു സുബ്രഹ്മണ്യനും അകപ്പെട്ടത്. 

ആനയെ ഉടൻ തളച്ചു. വീണു പരുക്കേറ്റവരെ നാട്ടുകാർ ആശുപത്രികളിലെത്തിച്ചു. പൊലീസും സ്ഥലത്തുണ്ടായിരുന്നു. ഉത്സവം കൂടാൻ മരുമകന്റെ വീട്ടിലെത്തിയതായിരുന്നു സുബ്രഹ്മണ്യനും കുടുംബവും. ആന വിരണ്ടതോടെ ജനം നാലു ദിക്കിലേക്കും ഓടി. ആനപ്പുറത്തുണ്ടായിരുന്നയാൾ സമീപത്തെ മരത്തിൽ പിടിച്ചു രക്ഷപ്പെട്ടു.അപ്പോഴേക്കും ആനയെ തളച്ചു.  പിന്നീടാണു ദുരന്തവാർത്ത നാടറിഞ്ഞത്. നിലത്തു വീണ സുബ്രഹ്മണ്യനെ കോരിയെടുത്ത് ആശുപത്രിയിലേക്ക് ഓടിയെങ്കിലും വഴിമധ്യേ മരിച്ചു. മരിച്ച സുബ്രഹ്മണ്യന്റെ പോസ്റ്റ്മോർട്ടം ഇന്നു നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com