ADVERTISEMENT

വടക്കഞ്ചേരി∙ പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നലെ രാവിലെ മുതൽ പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കുമെന്ന കരാര്‍ കമ്പനിയുടെ നിലപാടിന് തിരിച്ച‌ടി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതോടെ ടോള്‍ പിരിക്കുന്നത് നീട്ടിവച്ചതായി ടോള്‍ പ്ലാസ അധികൃതര്‍ അറിയിച്ചു. 

തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ രാപകൽ സമരം അവസാനിപ്പിച്ചു. രമ്യ ഹരിദാസ് എംപി പ്രസംഗിച്ചു. സിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്ത സമരത്തില്‍ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.മാധവൻകുട്ടി അധ്യക്ഷനായി. 

പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ  സിപിഎം 5 ദിവസം നീണ്ടു നില്‍ക്കുന്ന സമരത്തിന് തുടക്കമിട്ടു. ഏരിയ സെക്രട്ടറി  ടി.കണ്ണൻ ഉദ്ഘാടനം ചെയ്തു. സി.തമ്പു അധ്യക്ഷനായി. സി.കെ.നാരായണൻ, എം.കെ.സുരേന്ദ്രൻ, കെ.പ്രഭാകരൻ, എം.കൃഷ്ണദാസ്, ആർ.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡിവൈഎഫ്ഐ അർധരാത്രിയിൽ ടോൾ പ്ലാസയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം എസ്.ഷക്കീർ ഉദ്ഘാടനം ചെയ്തു. ആർ.നിഖിൽ അധ്യക്ഷനായി. കെ ശ്രീജിത്ത്, പി.ജിഷ്ണു, സ്വരൂപ് എന്നിവർ പ്രസംഗിച്ചു.

വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സംയുക്ത സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ടോള്‍ പ്ലാസയ്ക്ക് മുന്‍പില്‍ നടത്തിയ പ്രതിഷേധ സമരം ജനകീയവേദി ചെയര്‍മാന്‍ ബോബന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.ജെ.ജോസ് അധ്യക്ഷനായി. ജിജോ അറയ്ക്കല്‍, സുരേഷ് വേലായുധൻ, മോഹനൻ പള്ളിക്കാട്, ഷിബു ജോൺ, സലീം തണ്ടലോട്, സിൽവിൻ ചെറുനിലം, കെ.ശിവദാസ്, എം.എല്‍.അവറാച്ചന്‍ എന്നിവർ പ്രസംഗിച്ചു. 

ചര്‍ച്ച നടത്തണമെന്ന് എംപിയും എംഎല്‍എയും

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും സ്കൂൾ ബസുകളിൽ നിന്നും ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്നും പിന്‍മാറണമെന്ന് രമ്യ ഹരിദാസ് എംപി ആവശ്യപ്പെട്ടു. ദേശീയപാതയ്ക്കായി കുറഞ്ഞ തുകയ്ക്ക് സ്ഥലം കൈമാറിയ പ്രദേശവാസികളെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിലവിലെ പ്രശ്നങ്ങള്‍ തുറന്ന ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

പ്രദേശവാസികൾക്ക് നിലവിൽ അനുവദിച്ചിരിക്കുന്ന സൗജന്യം തുടരണമെന്നത് ആരുടെയും ഔദാര്യം അല്ലെന്നും നാട്ടുകാരുടെ അവകാശമാണെന്നും പി.പി.സുമോദ് എംഎല്‍എ പറഞ്ഞു. ഏകപക്ഷീയമായി ടോൾ പിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കലക്ടർ ഇടപെട്ട് ബന്ധപ്പെട്ടവരുടെ യോഗം അടിയന്തിരമായി വിളിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവര്‍ക്ക് സൗജന്യയാത്ര തുടരാം. എന്നാല്‍ ദിവസേന 1500 ഓളം വാഹനങ്ങള്‍ സൗജന്യമായി കടന്നു പോകുന്നു എന്നാണ് കരാര്‍ കമ്പനിയുടെ വാദം. ഇതിന് പരിഹാരം കാണാനും അര്‍ഹരായവര്‍ക്ക് മാത്രം സൗജന്യം അനുവദിക്കാനും പാസ് ഏര്‍പ്പെടുത്തണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇതിന് നിയമം ഇല്ലെന്നും സൗജന്യയാത്ര കരാറില്‍ പറഞ്ഞിട്ടില്ലെന്നുമാണ് കരാര്‍ കമ്പനി പറയുന്നത്. കരാറിലുള്ള പല നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സര്‍വീസ് റോഡ് ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചതായും നാട്ടുകാര്‍ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com