ADVERTISEMENT

ഒറ്റപ്പാലം∙ ലാൽ ജോസ് സംവിധാനം ചെയ്ത ആദ്യസിനിമ, ‘ഒരു മറവത്തൂർ കനവ്’ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം രാത്രി. അന്നു മറ്റൊരു സിനിമയിൽ അഭിനയിക്കാൻ ഒറ്റപ്പാലത്തെത്തിയിരുന്ന ഇന്നസന്റ്, പിഡ‍ബ്ല്യുഡി റെസ്റ്റ് ഹൗസിലായിരുന്നു താമസം. അക്കാലത്ത്, റെസ്റ്റ് ഹൗസിൽനിന്നു വിളിപ്പാടകലെയായിരുന്നു ലാൽ ജോസിന്റെ വീട്. രാത്രി വൈകിയ നേരത്ത് ഇന്നസന്റ് റെസ്റ്റ് ഹൗസിൽ നിന്നിറങ്ങി, ആ വീട്ടിലേക്കു നടന്നു. വാതിലിൽ മുട്ടുകയോ, കോളിങ് ബെൽ അമർത്തുകയോ ചെയ്തില്ല. ഒരുപാതി തുറന്നു കിടന്നിരുന്ന ജനലിലൂടെ അകത്തേക്കു നോക്കി.

കയ്യിൽ ജപമാലയുമായി കർത്താവിന്റെ ചിത്രത്തിനു മുന്നിലിരുന്നു പ്രാർഥനയിൽ മുഴുകിയിരിക്കുന്ന അമ്മ ലില്ലി ജോസിനെ കുറച്ചുനേരം നോക്കിനിന്നു. മകന്റെ ആദ്യസിനിമ തിയറ്ററുകളിൽ പ്രേക്ഷകപ്രീതി നേടണമെന്ന പ്രാർഥനയിലാണ് അമ്മയെന്ന് അദ്ദേഹത്തിനു മനസ്സിലായി. ഇന്നസന്റ് ശബ്ദമുണ്ടാക്കാതെ റെസ്റ്റ് ഹൗസിലേക്കു തിരികെ നടന്നു. 

പ്രേക്ഷകരുടെ പ്രീതിയാണോ അമ്മയുടെ പ്രാർഥനയാണോ ആദ്യസിനിമയെ സൂപ്പർ ഹിറ്റാക്കിയതെന്നു ലാൽ ജോസ് വേർതിരിച്ചു നോക്കിയിട്ടില്ല. സിനിമയിൽ ജീവിതമുറപ്പിക്കാൻ തീരുമാനിച്ച ഘട്ടത്തിൽ അമ്മ അതിനോടു വിയോജിച്ചിരുന്നു. സിനിമയാണു മകന്റെ വഴിയെങ്കിൽ ആ വഴിക്കു വിടുന്നതാണു നല്ലതെന്നു നിലപാടെടുത്തത് അച്ഛനായിരുന്നു. അമ്മയെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിച്ചതും അച്ഛനാണ്. 

വിയോജിപ്പു പറഞ്ഞ അമ്മതന്നെയാണ് ലാൽ ജോസിന്റെ ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും പ്രാർഥനയിൽ മുഴുകിയതും ചില സിനിമകൾ സാമ്പത്തിക നേട്ടമുണ്ടാക്കാതെ പോയപ്പോൾ സങ്കടപ്പെട്ടതും.  അമ്മ, ഒരേസമയം ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായിരുന്നെന്നു ലാൽ ജോസ് സ്മരിക്കുന്നു. ആജ്ഞാശേഷിയിൽ ഏകാധിപതിയും തീരുമാനങ്ങൾ എടുക്കുന്നതിൽ കണിശക്കാരിയുമായിരുന്നു അധ്യാപികയായിരുന്ന അമ്മ. സിനിമാരംഗത്തു കാലുറപ്പിക്കുന്നതിനു മുൻപേ വിവാഹം കഴിപ്പിച്ചത് അമ്മയുടെ തീരുമാനമായിരുന്നു. സ്ഥിരവരുമാനം ലഭിക്കുന്ന ജോലിയുള്ള ഭാര്യയാണെങ്കിൽ ജീവിതത്തിൽ കഷ്ടപ്പെടേണ്ടിവരില്ലെന്ന ചിന്തയിലാണു ലീനയെ വധുവായി കണ്ടെത്തിയത്. 

നേട്ടങ്ങളിൽ സന്തോഷിച്ചും നഷ്ടങ്ങളിൽ സങ്കടപ്പെട്ടും, വഴക്കിടുമ്പോൾ യുദ്ധവും പരിഭവങ്ങൾ പറഞ്ഞു തീരുമ്പോൾ സമാധാനവും അനുഭവിച്ചു കഴിഞ്ഞിരുന്ന ജീവിതമാണ് അമ്മയുടെ വിയോഗത്തോടെ നഷ്ടമാകുന്നതെന്നും ലാൽ ജോസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com