പാലക്കാട് ∙ തീവ്രമല്ലാതെ കോവിഡ് ബാധിച്ച രോഗികളിൽ പോലും ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ പിന്നീടു കണ്ടുവരുന്നതായി ശ്വാസകോശ വിദഗ്ധരുടെ അർധവാർഷിക സമ്മേളനം അഭിപ്രായപ്പെട്ടു. മറ്റു ശസ്ത്രക്രിയകൾ നടത്തുമ്പോഴാണ് ഇത്തരം സങ്കീർണതകൾ തിരിച്ചറിയുക. ശസ്ത്രക്രിയകൾക്കു മുൻപു ശ്വാസകോശ പരിശോധന നടത്തണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. നഗരങ്ങളിലെ മാലിന്യം കത്തിക്കൽ ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്നുണ്ട്. നേരത്തെ വൻകിട നഗരങ്ങൾ നേരിടുന്ന പ്രതിസന്ധി കേരളത്തിലും കടന്നുവരികയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ മെഡിസിൻ, പൾമനോളജി സൊസൈറ്റി ഓഫ് പാലക്കാട് എന്നിവരുടെ നേതൃത്വത്തിലാണു പരിപാടി നടത്തിയത്. ജില്ലാ കലക്ടർ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്തു. ഡോ.പി.പി.അരവിന്ദൻ, ഡോ.ഒ.കെ.മണി, ഡോ.ബി.ജയപ്രകാശ്, ഡോ.കുര്യൻ ഉമ്മൻ, ഡോ.ആർ.സത്യജിത്, ഡോ.കെ.ആഷിഖ്, ഡോ.സി.കെ.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു. വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.