സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി യൂത്ത് കോൺഗ്രസിൽ വെടിനിർത്തൽ: കൂട്ടപ്പിരിച്ചുവിടലിനു ശേഷം കൂട്ടമായി തിരിച്ചെടുക്കൽ

 യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ഛായാചിത്ര ജാഥയെ ജില്ലാ അതിർത്തിയായ വിളയൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  സ്വീകരിക്കുന്നു
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ഛായാചിത്ര ജാഥയെ ജില്ലാ അതിർത്തിയായ വിളയൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
SHARE

പാലക്കാട് ∙ യൂത്ത് കോൺഗ്രസിലെ വിവാദമായ കൂട്ടപ്പിരിച്ചുവിടലിനു ശേഷം ഭൂരിഭാഗം പേരെയും കൂട്ടമായി തിരിച്ചെടുത്തു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായാണ് തിരിച്ചെടുക്കൽ. നേതാക്കൾക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതു  സംഘടനയിൽ കൂട്ടരാജിക്കും പരസ്യപ്രതിഷേധങ്ങൾക്കും പോസ്റ്റർ പതിക്കലിനുമൊക്കെ കാരണമായിരുന്നു. അട്ടപ്പാടിയിൽ നടന്ന ക്യാംപിൽ പങ്കെടുക്കാതിരിക്കൽ‍, ക്യാംപിലെ സംഘടനാ വിരുദ്ധ പ്രവർത്തനം, ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കൽ, സമരങ്ങളിലെ സാന്നിധ്യമില്ലായ്മ, മുതിർന്ന നേതാക്കളെ പരസ്യമായി വിമർശിക്കൽ എന്നീ കാരണങ്ങൾ പറഞ്ഞാണ് വിവിധ ഘട്ടങ്ങളിൽ അച്ചടക്കനടപടി സ്വീകരിച്ചിരുന്നത്. 

ജില്ലാ സമ്മേളനവുമായി സഹകരിക്കാത്തതിന്റെ പേരിൽ പിരിച്ചുവിട്ട എട്ടു മണ്ഡലം കമ്മിറ്റികളിൽ അയിലൂർ, മേലാർകോട് എന്നീ കമ്മിറ്റികൾ ഒഴികെ ബാക്കിയെല്ലാം പുനഃസ്ഥാപിച്ചു. അട്ടപ്പാടി ക്യാംപുമായി ബന്ധപ്പെട്ട വിഷയത്തിൽ നടപടി സ്വീകരിച്ച 3 വൈസ് പ്രസിഡന്റ്, 2 ജില്ലാ ജനറൽ സെക്രട്ടറി, 9 ജില്ലാ സെക്രട്ടറി , 11 നിർവാഹകസമിതി അംഗങ്ങൾ, നെന്മാറ നിയോജകമണ്ഡലം പ്രസിഡന്റ്, നെന്മാറ മണ്ഡലം പ്രസിഡന്റ് എന്നിവരെയും തിരിച്ചെടുത്തു. സംഘടന വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പാലക്കാട്, തരൂർ നിയോജക മണ്ഡലം പ്രസിഡന്റുമാർക്കെതിരെ സ്വീകരിച്ച നടപടിയും പിൻവലിച്ചു. 

ചില ആളുകൾ മാത്രം സമരങ്ങളിൽ പങ്കെടുത്തു  കേസുകളിൽ  പ്രതിയാവുകയും പൊലീസ് മർദനം ഏറ്റുവാങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രവർത്തിക്കാത്ത കമ്മിറ്റികൾ പിരിച്ചുവിട്ടതെന്ന് ഔദ്യോഗിക വിഭാഗം പറയുന്നു. എന്നാൽ, ഗ്രൂപ്പ് വിരോധവും വ്യക്തിവിരോധവും നോക്കിയാണ് നടപടി സ്വീകരിച്ചതെന്നാണ് നടപടി നേരിട്ടവർ പറയുന്നത്. നടപടി നേരിട്ടവർ പലരും തങ്ങളുടെ നിലപാട് നേതൃത്വത്തെ ധരിപ്പിക്കുകയും നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജില്ലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയെ  നിയോഗിച്ചിരുന്നു.

ഛായാചിത്ര  ജാഥയ്ക്ക് സ്വീകരണം

യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ഛായാചിത്ര  ജാഥയ്ക്ക്  പട്ടാമ്പിയിൽ സ്വീകരണം നൽകി. സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് കൃപേഷ്‌ - ശരത്‌ലാൽ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്മാരായ റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി എന്നിവരുടെ നേതൃത്വത്തിൽ പ്രയാണമാരംഭിച്ച ഛായാചിത്ര ജാഥയ്ക്ക്  ജില്ലാ അതിർത്തിയായ വിളയൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു,സംസ്ഥാന ജനറൽ സെക്രട്ടറി .കെ. ഫാറൂഖ്, മുൻ എംഎൽഎ സി.പി. മുഹമ്മദ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജയശങ്കർ കെ‍ാട്ടാരത്തിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ എ.പി. രാമദാസ്, കെ. ആർ. നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തിൽ ജാഥയെ ജില്ലയിലേക്ക് സ്വീകരിച്ചു.

തുടർന്ന് മേലെ പട്ടാമ്പി ഗാന്ധിസ്ക്വയറിൽ നടന്ന സ്വീകരണം  ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു .യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റന്മാരായ റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, സംസ്ഥാന ജാഥാംഗങ്ങളായ ജോമോൻ ജോസ്, വി.പി ദുൽകിഫിൽ, വിനീഷ് ചുള്ളിയാൻ, വി.കെ. ഷിബിന , പി.നിധീഷ്, സന്ദീപ് പാണപ്പുഴ, അജയ് കുര്യത്തി, ലത്തീഫ് കൂട്ടാലുങ്ങൽ ഒ.കെ. ഫാറൂഖ്, ജസീർ മുണ്ടറോട്ട്, ജയശങ്കർ കൊട്ടാരത്തിൽ, നിസാർ തിരുവേഗപ്പുറ, എം.ടി. റഫീഖ്, നസീർ ആലിക്കൽ ,എ അസ്കർ, മൻസൂർ കുന്നത്തേതിൽ, കോൺഗ്രസ് നേതാക്കളായ കമ്മുക്കുട്ടി എടത്തോൾ, സി.എച്ച്.ഷൗക്കത്തലി, കെ.ആർ. നാരായണസ്വാമി, ഇ.ടി .ഉമ്മർ, എ.പി. രാമദാസ്, പി.കെ. ഉണ്ണിക്കൃഷ്ണൻ, അസീസ് പട്ടാമ്പി എന്നിവർ പ്രസംഗിച്ചു. തൃശൂരിൽ 23, 24,25,26 തീയതികളിലായാണ് സംസ്ഥാന സമ്മേളനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS