ലക്കിടി ∙ വേനൽമഴയിലും കാറ്റിലും ഭീതിയുടെ മുൾമുനയിൽ കഴിയുകയാണു നാലംഗം കുടുംബം. മംഗലം കല്ലിക്കാട്ടിൽ ഗീതയുടെ വീടിനു മുകളിലേക്കു ചാഞ്ഞു നിൽക്കുന്ന മരമാണു കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നത്. സംസ്ഥാന പാതയോരത്തു നിൽക്കുന്ന വലിയ വാക മരമാണ് അപകടഭീഷണിയായി നിൽക്കുന്നത്.
2020 നവംബർ മാസത്തിൽ മരക്കൊമ്പ് വെട്ടിമാറ്റണമെന്നാവശ്യപ്പെട്ടു പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകി. നടപടികൾ ഉണ്ടാകാത്തതിനാൽ പരാതി പിന്നീട് ആർഡിഒ, സബ് കലക്ടർ, കലക്ടർ വരെ നൽകി. വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും നടപടിയായില്ല. മാസങ്ങൾക്കു മുൻപു മരത്തിന്റെ കൊമ്പു പൊട്ടി മതിലിലേക്കു വീഴുകയും ചെയ്തു. വിണ്ടു കീറിയ മതില്‍ കഴിഞ്ഞ മാസം 25നു പൂര്‍ണമായി തകരുകയും ചെയ്തു.
റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ വെട്ടി നീക്കിയിട്ടും വീട്ടിലേക്കു ഭീഷണിയായ മരം വെട്ടി മാറ്റാന്‍ അധികൃതര്‍ തയാറായില്ല. ഗീതയുടെ അമ്മ ദേവകിയും ഭര്‍ത്താവും മകളുമടങ്ങുന്ന നാലംഗ കുടുംബം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ്. പൊതുമരാമത്തു വകുപ്പിന്റെ അദാലത്തില്‍ ഒടുവില്‍ പരാതി നല്‍കി കാത്തിരിക്കുകയാണ് ഈ കുടുംബം.